1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2018

സ്വന്തം ലേഖകന്‍: യുവതികള്‍ സന്നിധാനത്തേക്ക്; ശബരിമലയില്‍ നാടകീയ രംഗങ്ങള്‍; ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി; യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടച്ച് മടങ്ങുമെന്ന് തന്ത്രി; യുവതികളെ അനുനയിപ്പിച്ച് മടക്കി അയക്കാന്‍ ശ്രമം. കനത്ത പൊലീസ് സുരക്ഷയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തലില്‍ യാത്ര നിര്‍ത്തിയിരിക്കുന്നത്.

കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ യാത്ര താല്‍കാലികമായി അവസാനിപ്പിച്ചത്. നൂറിലധികം പോലീസുകാരുടെ വലയത്തില്‍ രാവിലെയാണ് ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടത്. നടപ്പന്തലിന് തൊട്ടുമുമ്പ് പ്രതിഷേധക്കാര്‍ പൊലീസ് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് ഐ.ജി ശ്രീജിത്ത് അവരെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി.

നിയമത്തിന്റെ നിയോഗം നടപ്പാക്കാന്‍ ബാധ്യത പൊലീസിനുണ്ട്. നിങ്ങളെ ഉപദ്രവിക്കാന്‍ വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരുമായി ഐ.ജി ചര്‍ച്ച നടത്തി. ആക്ടിവിസ്റ്റുകല്‍ ശബരിമലയിലേക്ക് വരുന്നതിനെ എതിര്‍ത്ത് പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നീലിമല വഴിയാണ് യുവതികള്‍ പോയത്. പോകുന്ന വഴിയില്‍ ചെറിയ രീതിയിലുള്ള പ്രതിഷേധ നീക്കങ്ങള്‍ ഉണ്ടായെങ്കിലും അനുനയത്തിന്റെ ഭാഷയില്‍ പൊലീസ് ഇവരെ നീക്കം ചെയ്യുകയായിരുന്നു. തങ്ങള്‍ സുപ്രിംകോടതി വിധി നടപ്പാക്കുകയാണെന്നായിരുന്നു പൊലീസ് വിശദീകരണം.

ജോലിസംബന്ധമായ ആവശ്യത്തിന് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ രാത്രിയാണ് കവിത പോലീസിനെ സമീപിച്ചത്. ഐ.ജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ പിന്നീട് കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രിയിലെ യാത്ര ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കില്‍ സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിക്കുകയായിരുന്നു.

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടച്ച് മടങ്ങുമെന്ന് തന്ത്രി കണഠര് രാജീവര് വ്യക്തമാക്കി. താക്കോല്‍ ഓഫിസില്‍ ഏല്‍പ്പിക്കും. താഴ്മണ്‍ മഠത്തിലെ കാരണവരുമായി മോഹനരുമായും പന്തളം കൊട്ടാരവുമായും സംസാരിച്ചാണ് തീരുമാനമെടുത്തത്. മറ്റു തീരുമാനങ്ങള്‍ പിന്നാലെയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.