1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2018

സ്വന്തം ലേഖകന്‍: കനത്ത ജാഗ്രതയില്‍ ശബരിമല നട ഇന്ന് തുറക്കും; നിലയ്ക്കലില്‍ സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കി സമരക്കാരെ ഒഴിപ്പിച്ചു; ഗതാഗതം തടയുകയും പരിശോധന നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി. തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നനിപൂതിരിയും ചേര്‍ന്ന് ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. ഇന്ന് പൂജകള്‍ ഉണ്ടാവില്ല.

രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. തുലാമാസം ഒന്നായ 18ന് രാവിലെ നിര്‍മാല്യവും പതിവ് പൂജകളും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പട്ടികയില്‍ ഇടംനേടിയ ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട്, പന്തളം കൊട്ടാരത്തില്‍നിന്ന് എത്തുന്ന കുട്ടികള്‍ നറുക്ക് എടുക്കും.

തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. ഒമ്പതുപേരാണ് മേല്‍ശാന്തി പട്ടികയിലുമുള്ളത്. തെരഞ്ഞെടുക്കുന്ന രണ്ട് ശാന്തിമാര്‍ക്കും അടുത്ത ഒരു വര്‍ഷം വരെയാണ് കാലാവധി. ഇവര്‍ നവംബര്‍ 16ന് ഇരുമുടിക്കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര് അഭിഷേകംനടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ശ്രീകോവിലിലേക്ക് ആനയിക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും. അഞ്ചുദിവസത്തെ തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 22ന് രാത്രി അടയ്ക്കും.

അതേസമയം, പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ശബരിമല. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഹൈന്ദവ സംഘടനകള്‍ പറയുന്നത്. എന്നാല്‍, ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

നട തുറക്കുന്ന സാഹചര്യത്തില്‍ നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ശബരിമല ദര്‍ശനത്തിനായെത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും തടഞ്ഞതിനെ തുടര്‍ന്നും നേരിയ സംഘര്‍ഷമുണ്ടായിരുന്നു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇവരെ തടഞ്ഞത്. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ചൊവ്വാഴ്ച രാത്രിയില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മര്‍ദിച്ചിരുന്നു. ചെന്നൈയില്‍ നിന്നെത്തിയ ദമ്പതികളെയാണ് സമരം ചെയ്യുന്ന സ്ത്രീകളടങ്ങുന്ന സംഘം രാത്രി തടഞ്ഞത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.