1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ട് എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തുടര്‍ നടപടികള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ചെന്നും പദ്മകുമാര്‍ വ്യക്തമാക്കി. കോടതിവിധി നടപ്പാക്കുമെന്ന് ആദ്യം നിലപാടെടുത്ത ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിനുശേഷം പ്രതികരിച്ചു.

പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളാണ് ശബരിമലയില്‍ നടപ്പാക്കുകയെന്ന് പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ബോര്‍ഡ് യോഗം നടക്കുന്നതിനിടെ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.

സന്നിധാനത്ത് വനിതാപോലീസിനെയും വനിതാ ജീവനക്കാരെയും നിര്‍ത്തണോയെന്ന് ബോര്‍ഡ് ആലോചിച്ചിട്ടില്ല. പതിനെട്ടാംപടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ല. വനിതാപോലീസ് പമ്പയിലും നിലയ്ക്കലും മാത്രം മതിയെന്ന നിലപാടാണ് ബോര്‍ഡിന്. വനിതാ പോലീസിനെ ശബരിമലയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

ക്ഷേത്രത്തിലെ ആചാരം സംരക്ഷിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ട്. അതുപോലെതന്നെയാണ് കോടതിവിധിയുടെ കാര്യവും. ആരുമായും ചര്‍ച്ചയ്ക്ക് താനും ബോര്‍ഡ് അംഗങ്ങളും തയ്യാറാണെന്നും പിടിവാശിയില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് കോടതിവിധി നടപ്പാക്കുന്നതില്‍ പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ഇല്ല. പ്രായഭേദമെന്യേ സ്ത്രീകള്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. സുപ്രീം കോടതി വിധിയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് കേരളത്തില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്നത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.