1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2018

സ്വന്തം ലേഖകന്‍: ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് നിയമോപദേശം; സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് ക്ഷേത്ര പ്രവേശനത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി. ശബരിമല വിധിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് നിയമോപദേശം. ബോര്‍ഡിന് വേണ്ടി നേരത്തേ ഹാജരായ അഭിഭാഷകരാണ് നിയമോപദേശം നല്‍കിയത്. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും സ്ഥിതി റിപ്പോര്‍ട്ട് കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാമെന്നും അഭിഭാഷകര്‍ സൂചിപ്പിച്ചു.

ആചാരം കോടതി തീരുമാനിക്കുന്നതിലെ ഔചിത്യത്തെക്കുറിച്ച് സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്നും വിഷയം ഏഴംഗ ബെഞ്ചിലേക്കു പോയാല്‍ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുമാണ് അഭിഭാഷകരുടെ വിലയിരുത്തല്‍. ബോര്‍ഡിന്റെ പ്രതിനിധികളും അഭിഭാഷകരുമായി ഇന്നു ചര്‍ച്ച നടന്നേക്കും. വിധിയില്‍ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമെന്നാണു വ്യവസ്ഥ. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3(ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിധിച്ചത്. 10 50 പ്രായഗണത്തിലെ സ്ത്രീകളെ ആര്‍ത്തവ കാരണത്താല്‍ വിലക്കുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നും കോടതി വിധിച്ചു.

അതിനിടെ ശബരിമലയില്‍ സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കൂട്ടര്‍ കൊടിയെടുത്ത് സമരം ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെ ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.

കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത്തരം നടപടികള്‍ കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവില്ല. സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.