1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2017

സ്വന്തം ലേഖകന്‍: തന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ഹോട്ടല്‍ ജീവനക്കാരന്റെ ഉപദേശം, സച്ചിന്റെ വെളിപ്പെടുത്തല്‍. ബാറ്റിങ് ടെക്ക്‌നിക്കുകൊണ്ടും അച്ചടക്കം കൊണ്ടും ലോകത്തെ ഒട്ടേറെ ക്രിക്കറ്റ് പ്രേമികളുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തയാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ ഇതാദ്യമായി തന്റെ ജീവിതം മാറ്റിമറിച്ച ഒരു ഉപദേശത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് സച്ചിന്‍.

തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തിയതിന് പിന്നില്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ വെയ്റ്ററുടെ ഉപദേശം കൂടിയുണ്ടെന്ന് സച്ചിന്‍ പറയുന്നു. സച്ചിന്റെ എല്‍ബോ ഗാര്‍ഡ് അദ്ദേഹത്തിന്റെ ബാറ്റിന്റെ സ്വതന്ത്രമായ ചലനത്തെ തടസപ്പെടുത്തുന്നുവെന്നായിരുന്നു ചെന്നൈയിലെ ഹോട്ടല്‍ വെയ്റ്ററുടെ കണ്ടുപിടുത്തം.

ചെന്നൈയിലെ ഒരു മത്സരത്തിനിടെ ടീം താമസിക്കുന്ന ഹോട്ടലിലെ വെയ്റ്ററാണ് സച്ചിന് ബാറ്റിങ്ങിലെ മികവ് കൂട്ടാന്‍ ഉപദേശം നല്‍കിയത്. ആ ഉപദേശം സ്വീകരിച്ച സച്ചിന് പിന്നീട് നന്നായി ബാറ്റ് ചെയ്യാനുമായി. ”നിങ്ങള്‍ക്ക് ഒരു തുറന്ന മനസ്സുണ്ടെങ്കില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ കഴിവിനെ മികച്ചതാക്കാന്‍ പറ്റും’. ചെന്നൈയില്‍ വെച്ച് ഹോട്ടലിലെ ഒരു വെയ്റ്ററാണ് എന്റെ കരിയറിലെ നിര്‍ണായകമായ ഒരു ഉപദേശം തന്നത്.

നിങ്ങള്‍ക്ക് പ്രയാസമാകില്ലെങ്കില്‍ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് അയാള്‍ എന്റെ അടുത്തെത്തി. ഞാന്‍ തടസ്സം നിന്നില്ല. എന്റെ ബാറ്റ് കൂടുതല്‍ സ്വിങ് ചെയ്യാത്തതിന് കാരണം എല്‍ബോ ഗ്വാര്‍ഡ്‌സ് (ബാറ്റ്‌സ്മാന്‍ കൈമുട്ടിന്റെ സുരക്ഷയ്ക്കുപയോഗിക്കുന്നത്) ആയിരുന്നു എന്നാണ് അയാള്‍ പറഞ്ഞത്. അത് 100% ശരിയായ നിരീക്ഷണമായിരുന്നു” സച്ചിന്‍ വ്യക്തമാക്കി.

അയാളുടെ ഉപദേശം സ്വീകരിച്ച സച്ചിന്‍ തന്റെ എല്‍ബോ ഗ്വാര്‍ഡിന്റെ ഡിസൈന്‍ മാറ്റുകയാണ് ആദ്യം ചെയ്തത്. ”എനിക്ക് നേരത്തെ തന്നെ ബുദ്ധിമുട്ട് തോന്നിയിരുന്നു. എല്‍ബോ ഗ്വാര്‍ഡില്‍ പന്ത് തട്ടി പലപ്പോഴും എനിക്ക് വേദനിച്ചിട്ടുണ്ട്. എല്‍ബോ ഗ്വാര്‍ഡിലെ പാഡിങ് കുറവായതിനാലാണ് ഇത് സംഭവിച്ചതെന്ന് പിന്നീട് എനിക്ക് മനസ്സിലായി”സച്ചിന്‍ പറഞ്ഞു.

പാന്‍വാല മുതല്‍ സി.ഇ.ഒ വരെ നമുക്ക് ഉപദേശം തരാനുണ്ടാകുമെങ്കിലും നമ്മള്‍ പ്രതീക്ഷിക്കാത്ത വ്യക്തികളുടെ ഉപദേശമാണ് പലപ്പോഴും ഉപകാരപ്രദമാകുകയെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.