1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2019

സ്വന്തം ലേഖകൻ: ഇന്ത്യയിലുള്ള എല്ലാ എസ്‌യുവികളുടെയും തുടക്കക്കാരനായ ടാറ്റ സുമോയുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നു. മാരുതി, അംബാസിഡര്‍ പോലുള്ള ചെറിയ വാഹനങ്ങള്‍ മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ക്കിടയിലേക്ക് എത്തിയ വലിയ കാര്‍ ആയിരുന്നു ടാറ്റയുടെ സുമോ. പത്ത് പേര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍ എന്നതിനപ്പുറത്തേക്ക് മറ്റ് വിശേഷണങ്ങള്‍ അന്ന് ഈ വാഹനത്തിന് ചാര്‍ത്തിയിരുന്നില്ല.

1994-ല്‍ ആണ് സുമോ ഇന്ത്യയില്‍ ഇറങ്ങുന്നത്. ടാറ്റയുടെ മറ്റ് വാഹനങ്ങള്‍ ഒന്നും നേടിയിട്ടില്ലാത്ത അംഗീകാരം ഈ വാഹനത്തിലൂടെയാണ് ടാറ്റയെ തേടിയെത്തിയത്. പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സുമോയാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്.

സൈനികര്‍ക്കും ഓഫ് റോഡുകള്‍ക്കുമുള്ള വാഹനമായാണ് ആദ്യഘട്ടത്തില്‍ സുമോ എത്തിയത്. എന്നാല്‍, വൈകാതെ തന്നെ ഈ വാഹനം പൊതുജനങ്ങളിലേക്കും എത്തുകയായിരുന്നു. വലിയ വണ്ടിയായി ജീപ്പ് മാത്രം കണ്ടിട്ടുള്ള ജനങ്ങള്‍ സുമോയിക്ക് വലിയ വരവേല്‍പ്പാണ് നല്‍കിയത്.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സുമോ നിരത്തൊഴിയുന്നതെന്നാണ് സൂചന. രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറണമെന്ന നിര്‍ദേശവും സുരക്ഷ ശക്തമാക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന എഐഎസ് 145 എന്ന മാനദണ്ഡവുമാണ് ഇവ.

ടാറ്റയുടെ X2 ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമില്‍ 1994-ല്‍ ഒരുങ്ങിയ വാഹനമായിരുന്നു സുമോ. പിന്നീട് 2000 ആയതോടെ സുമോ, സുമോ സ്‌പേഷി ആയി മാറുകയായിരുന്നു. പിന്നീട്, 2004-ല്‍ സുമോ വിക്ട ആയും 2011-ല്‍ സുമോ ഗോള്‍ഡ് ആയും വേഷപകര്‍ച്ച നടത്തിയിരുന്നു.

2013-ല്‍ ആണ് സുമോയില്‍ അവസാനമായി മിനുക്കുപണി നടത്തിയത്. ഡ്യുവല്‍ സോണ്‍ എസി, റേഡിയോ-സിഡി-എംപി3 സിസ്റ്റം, പുതിയ പെയിന്റ് സ്‌കീം, സ്റ്റിക്കറുകള്‍ എന്നിവയായിരുന്നു അന്ന് വരുത്തിയ പുതുമ. 85 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിൻ ഹൃദയമായിരുന്നു സുമോയുടെ ചങ്കൂറ്റം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.