1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2017

സ്വന്തം ലേഖകന്‍: ‘എന്റെ മകന്‍ ഒരിക്കലും എന്നെപ്പോലെ ആകരുത്,’ ബോളിവുഡിന്റെ വിവാദ നായകന്‍ സഞ്ജയ് ദത്ത് മ്‌നസു തുറന്നപ്പോള്‍. ഇന്ത്യ ടുഡേ സംഘടിപ്പിച്ച മൈന്‍ഡ് റോക്‌സ് യൂത്ത് സമ്മിറ്റിലാണ് എന്നും വിവാദങ്ങളുടെ തോഴനായ താരം മനസു തുറന്നത്. മയക്കു മരുന്നു വിവാദവും കേസുകളുമൊക്കെയായി സംഭവ ബഹുലമായിരുന്നു താരജോടികളായ സുനില്‍ ദത്തിന്റെയും നര്‍ഗീസ് ദത്തിന്റെയും മകനായ സഞ്ജയ് ദത്തിന്റേത്.

എന്നാല്‍ സ്വന്തം മകന്‍ ആ വഴിയെ പോകരുതെന്നാണ് സഞ്ജയ് പ്രാര്‍ഥിക്കുന്നത്. 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അനധികൃതമായി ആയുധം കയ്യില്‍ വെച്ചതിന് അറസ്റ്റിലായ ദത്ത് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. 58 കാരനായ ദത്തിന് മൂന്ന് മക്കളുണ്ട്. ‘എന്റെ അച്ഛന്‍ ഞങ്ങളെ സാധാരണക്കാരായാണ് വളര്‍ത്തിയത്. ഞാന്‍ ഒരു ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിച്ചത്. ഞാന്‍ രൂപപ്പെട്ടത് അവിടെയാണ്. എന്റെ കുട്ടികളും ആ വഴിയിലാണ്.

അവരെ ജീവിതത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്, ജോലിക്കാരാണെങ്കില്‍ പോലും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു. എനിക്ക് ഒരേയൊരു പ്രാര്‍ഥനയെ ഉള്ളൂ, എന്റെ മകന്‍ ഒരിക്കലും എന്നെപ്പോലെ ആകരുത്. കാരണം എന്റെ അച്ഛന്‍ കടന്നുപോയ അവസ്ഥയിലൂടെ ഞാന്‍ പോകാനിടയാകരുത്,’ സഞ്ജയ് ദത്ത് യൂത്ത് സമ്മിറ്റിന് എത്തിയ വിദ്യാര്‍ഥികളോട് പറഞ്ഞു.

മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് പുറത്തു വരാന്‍ ശ്രമിച്ചപ്പോഴുള്ള പ്രതിസന്ധിയെക്കുറിച്ചും ലഹരി വിമുക്തിയെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. കലാലയ ജീവിതത്തിലാണ് ലഹരി തന്നെ കീഴ്‌പ്പെടുത്തിയതെന്നും പത്ത് വര്‍ഷമാണ് അതില്‍ നിന്ന് പുറത്ത് കടക്കാന്‍ വേണ്ടിവന്നതെന്നും ദത്ത് കൂട്ടിച്ചേര്‍ത്തു. ‘ലഹരിയില്ലാതെ ഇന്ന് ജീവിതത്തെ വ്യത്യസ്തമായി നോക്കിക്കാണാന്‍ എനിക്ക് കഴിയുന്നുണ്ട്. നിങ്ങള്‍ ജീവിതത്തില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, കുടുംബത്തിലും ജോലിയിലും ശ്രദ്ധകേന്ദ്രീകരിക്കുക മറ്റൊന്നും പകരം വെയ്ക്കാനില്ല,’ കേള്‍വിക്കാരോട് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.