1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2017

സ്വന്തം ലേഖകന്‍: മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയുടെ മുന്‍നിരയിലേക്ക് കടക്കുന്നത്.. നേരത്തെ കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്നീ ചിത്രങ്ങള്‍ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്റര്‍ റിലീസും ചെയ്തിരുന്നു.

ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താന്‍ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്. നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം സൂപ്പര്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, അശ്വിന്‍, ജോഗി, ദിവ്യദര്‍ശന്‍, അജ്മല്‍ നിയാസ്, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.

കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. കുഴപ്പക്കാരായ കൊളേജ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സി.എച്ച്.മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇനിയും പേരിടാത്ത ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.