1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2017

 

സജീഷ് ടോം: കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി, കഴിഞ്ഞ കാലയളവിലേതിന് സമാനമായി ഈ വര്‍ഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. അതനുസരിച്ചു മാര്‍ച്ചു ആറാം തീയതി തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ പത്തു തിങ്കളാഴ്ച വരെയുള്ള അഞ്ചാഴ്ചക്കാലം ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ 2017’ ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. പുതിയ യുക്മ നേതൃത്വത്തിന്റെ ആദ്യ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ പ്രഖ്യാപനം.

പുതിയ ദേശീയ നേതൃത്വം ചുമതലയേറ്റ് രണ്ടാഴ്ചക്കുള്ളില്‍ തന്നെ വിളിച്ചുകൂട്ടിയ നിര്‍വാഹകസമിതി യോഗത്തിലെ ആദ്യ പ്രഖ്യാപനമായ ‘യുക്മ സാന്ത്വനം’ പദ്ധതി ഇതിനകം തന്നെ യു.കെ.മലയാളി സമൂഹം നെഞ്ചിലേറ്റി ക്കഴിഞ്ഞു. ‘സാന്ത്വനം’ ഉണര്‍ത്തിവിട്ട സാമൂഹ്യ പ്രതിബദ്ധമായ നിലപാട് കൂടുതല്‍ അസ്സോസിയേഷനുകളെ യുക്മയിലേക്ക് ആകൃഷ്ടരാക്കുമെന്ന് കരുതപ്പെടുന്നു.

യുക്മയിലേക്ക് കടന്നുവരാന്‍ താല്പര്യമുള്ള അസോസിയേഷനുകള്‍ക്ക് തങ്ങളുടെ എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ കൂടി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സമയം ലഭ്യമാക്കുന്നതിനാണ് അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള ക്യാമ്പയിന്‍ പ്രഖ്യാപിച്ചത്. യുക്മ ഭരണഘടന പ്രകാരം ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നാണ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന അസോസിയേഷനുകള്‍ യുക്മയുടെ ഏത് റീജിയണ്‍ പരിധിയില്‍ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജിയണല്‍ പ്രസിഡന്റ്, റീജിയനില്‍ നിന്നുള്ള ദേശീയ ഭാരവാഹികള്‍, റീജിയണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുന്‍പ് പരിഗണിക്കുന്നതാണ്. നിലവില്‍ യുക്മ അംഗ അസോസിയേഷനുകള്‍ ഉള്ള പ്രദേശങ്ങളില്‍നിന്നും പുതിയ അംഗത്വ അപേക്ഷകള്‍ വരുന്ന സാഹചര്യങ്ങളില്‍, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടും, മുന്‍കൂട്ടി അറിയിച്ചുകൊണ്ടുമാകും അംഗത്വം വിതരണം ചെയ്യുക.

അംഗത്വ അപേക്ഷകള്‍ക്കായി secretary.ukma@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ. റോജിമോന്‍ വര്‍ഗീസ് അറിയിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവില്‍ ഒന്‍പത് പുതിയ അസ്സോസിയേഷനുകളാണ് യുക്മയിലേക്ക് കടന്നു വന്നത്. സാങ്കേതികത്വങ്ങളുടെ പേരുപറഞ്ഞു യു.കെ.യിലെ മലയാളി അസ്സോസിയേഷനുകള്‍ക്ക് യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകുവാന്‍ പാടില്ലെന്ന് ‘മെമ്പര്‍ഷിപ്പ് ക്യാമ്പയി’നുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ട് യുക്മ ദേശീയ നിര്‍വാഹകസമിതി അഭിപ്രായപ്പെട്ടു. യുക്മയിലെ അംഗത്വം ഓരോ യു.കെ.മലയാളി അസ്സോസിയേഷനുകളുടെയും അവകാശമാണെന്ന തുറന്ന സമ്മതമായിരുന്നു ആദ്യ ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ ‘മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍’ പ്രഖ്യാപനം.

യുക്മ തുടങ്ങിയ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ചിരുന്ന അന്‍പത് പൗണ്ട് മെമ്പര്‍ഷിപ് ഫീസ് എന്നത് ഈ വര്‍ഷം മുതല്‍ നൂറ് പൗണ്ട് ആയി ദേശീയ നിര്‍വാഹകസമിതി പുതുക്കി നിശ്ചയിച്ചു. ഇതില്‍ അന്‍പത് പൗണ്ട് അതാത് റീജിയണല്‍ കമ്മറ്റികള്‍ക്ക് ദേശീയ കമ്മറ്റി നല്‍കുന്നതായിരിക്കും. യുക്മ അംഗത്വ അപേക്ഷയുമായി ബന്ധപ്പെട്ട വിശദീകരങ്ങള്‍ക്ക് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് (07885467034), ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് (07883068181) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ആദ്യ നിര്‍വാഹക സമിതിയോഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ തുടര്‍ച്ചയായി കൂടുതല്‍ റീജിയണുകള്‍ രൂപീകരിക്കുക, കൂടുതല്‍ അസോസിയേഷനുകള്‍ ഉള്ള റീജിയനുകളെ സജീവമല്ലാത്ത റീജിയനുകളുമായി ചേര്‍ത്ത് ദേശീയ തലത്തില്‍ റീജിയനുകളുടെ പുനഃസംഘടന നടപ്പിലാക്കുക തുടങ്ങി സംഘടനയെ ശക്തിപ്പെടുത്താനുള്ള കൂടുതല്‍ നയപരിപാടികള്‍ ദേശീയ നേതൃത്വത്തിന്റെ പരിഗണയില്‍ ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.