1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2017

സ്വന്തം ലേഖകന്‍: പനീര്‍ ശെല്‍വം രാജിവച്ചു, ശശികല തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വ്യാഴാഴ്ച. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. യോഗത്തില്‍ നിലവിലെ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ശശികലയുടെ പേര് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല പനീര്‍സെല്‍വത്തിന്റെ രാജിക്കത്ത് സ്വീകരിച്ചു. യോഗ തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് അണ്ണാ ഡി.എം.കെ ഔദ്യോഗികമായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് കൈമാറും.

61 കാരിയായ ശശികല മൂന്ന് പതിറ്റാണ്ട് ജയലളിതയുടെ തോഴിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടി എത്തുന്നതോടെ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും പൂര്‍ണ്ണ നിയന്ത്രണം ശശികലയുടെ കൈകളിലേക്ക് മാറുകയാണ്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പനീര്‍സെല്‍വം ഇടക്കാല മുഖ്യമന്ത്രിയാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ വിശേഷിപ്പിച്ചിരുന്നത്.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ശശികല ആറ് മാസത്തിനകം വിജയിച്ച് നിയസഭാംഗമാകേണ്ടതുണ്ട്. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ തന്നെ ശശികല മത്സരിച്ചേക്കുമെന്നാണ് സൂചന. അതേസമയം ശശികലയുടെ സ്ഥാനാരോഹണത്തെ പാര്‍ട്ടി അണികള്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും വ്യാപകമാണ്.

മുഖ്യമന്ത്രി പദത്തില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും പനീര്‍ശെല്‍വം നന്ദി പറഞ്ഞു. ജയലളിത കാണിച്ച വഴിയിലൂടെ ഇനി തമിഴ്‌നാടിനെ ചിന്നമ്മ നയിക്കുമെന്ന് പനീര്‍ശെല്‍വം ട്വിറ്ററിലൂടെ അറിയിച്ചു. ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ പനീര്‍ശെല്‍വമാണ് തന്നെ പ്രേരിപ്പിച്ചതെന്ന് ശശികല പറഞ്ഞു.

സമയം നീട്ടിക്കൊണ്ടു പോകാതെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാനാണ് ഭര്‍ത്താവ് നടരാജനും കൂട്ടരും ഉള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയ ശശികലക്ക് നല്‍കിയ ഉപദേശം. ജെല്ലിക്കെട്ട്, അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങള്‍ പോലെ തമിഴര്‍ വൈകാരികതയോടെ കാണുന്ന വിഷയങ്ങളിലെ അനുകൂല തീരുമാനങ്ങള്‍ പനീര്‍സെല്‍വത്തിന് ജനകീയ പിന്തുണ വര്‍ധിപ്പിക്കുന്നത് അധികാര കൈമാറ്റത്തിന് തടസമാകുമെന്ന് ശശികല ഭയപ്പെട്ടിരുന്നു.

ജയലളിതയുടേതില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പനീര്‍സെല്‍വത്തിന്റെ പ്രവര്‍ത്തനം ചില മേഖലകളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ ഫെബ്രുവരി 24ന് രാഷ്ട്രീയ നയം വ്യക്തമാക്കാനിരിക്കുകയാണ്. ഈ വെല്ലുവിളിയും മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയാകാനുള്ള തീരുമാനം ശശികല വേഗത്തിലാക്കിയത്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനായിരുന്ന പാര്‍ട്ടിയിലെ അനിശ്ചിതത്വത്തിന് തുടക്കമിട്ട് ജയലളിത കണ്ണടച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.