1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2017

 

സ്വന്തം ലേഖകന്‍: ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശശികല പരപ്പന അഗ്രഹാര ജയിലിലെത്തി കീഴടങ്ങിയത്. ശശികലയുടെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പോലീസ് ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് ശശികല കീഴ്ടടങ്ങാന്‍ എത്തിയത്. ശശികലയ്‌ക്കൊപ്പം ഇളവരശിയും കീഴടങ്ങിയിട്ടുണ്ട്. സുധാകരന്‍ ഇന്ന് കീഴടങ്ങാനെത്തുമെന്നാണ് റിപ്പോര്‍ട്ട്.മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തിലെത്തി പുഷ്പാര്‍ച്ച നടത്തി ശപഥമെടുത്ത ശേഷമാണ് ശശികല യാത്ര തുടങ്ങിയത്. ശവകുടീരത്തില്‍ എത്തി പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം ശശികല കൈകള്‍ കൂപ്പി എന്തോക്കയോ പറയുകയും ചെയ്തു. തുടര്‍ന്ന് അവര്‍ അമ്മയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ചു. ഇത് എന്തിനാണ് എന്നതായിരുന്നു പിന്നീട് സമൂഹ മാധ്യമങ്ങളില്‍ നടന്ന ചൂടന്‍ ചര്‍ച്ച.

ഉറച്ച മുഖഭാവത്തോടെ ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ എത്തിയ ശശികല ശപഥം എടുത്തതാണെന്നാണ് ഭൂരിപക്ഷവും വാദിക്കുന്നത്. തൊട്ടു പിന്നില്‍ നിന്നിരുന്ന മുന്‍ മന്ത്രിമാരായ വളര്‍മതിയും ഗോകില ഇന്ദിരയും ശപഥം കേട്ടിരിക്കാം എന്നും ഒരു വിഭാഗം വാദിക്കുന്നു. എന്തു കാര്യത്തിനു മുമ്പും അമ്മയോട് അനുവാദം ചോദിക്കുന്ന ശശികലയുടെ പതിവാണ് ഇതെന്നും അനുയായികള്‍ പറയുന്നു. തന്നെയും പാര്‍ട്ടിയേയും വഞ്ചിച്ച പനീര്‍ശെല്‍വേത്തോടും കൂട്ടരോടും പകരം ചോദിക്കുമെന്നാണു ശശികല ശപഥം ചെയ്തതെന്നും അനുയായികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

അതിനിടെ ജയിലില്‍ തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ വേണമെന്നു ശശികല അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ അധികൃതര്‍ക്കു കത്തു നല്‍കി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണം, വെസ്റ്റേണ്‍ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍, ടിവി എന്നിവ ജയില്‍ മുറിയോടു ചേര്‍ന്നു വേണമെന്നും ശശികല ആവശ്യപ്പെട്ടതായാണു ജയില്‍ അധികൃതരില്‍നിന്നു ലഭിക്കുന്ന സൂചന. എന്നാല്‍ ഇവയില്‍ ഏതാല്ലാം അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

ജയിലില്‍ കീഴടങ്ങിയ ശശികലയ്ക്ക് മരുന്നും വസ്ത്രങ്ങളുമായെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനം ജയിലിനു വെളിയില്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ശശികലയും ഇളവരശിയും കീഴടങ്ങുന്നത് നീട്ടണമെന്ന് ചൂണ്ടിക്കാട്ടിയുള്ള അപേക്ഷ കോടതി തളളിയതോടെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതിനു ശേഷം ഇരുവരേയും ജയിലിലെ ഏഴാം നമ്പര്‍ ബ്ലോക്കിലേയ്ക്ക് ഇരുവരെയും മാറ്റും.

ശശികല അകത്തായതോടെ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും പുരോഗമിക്കുകയാണ്. ഭരണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസഗര്‍ റാവു പളനിസ്വാമി, പനീര്‍സെല്‍വ ഗ്രൂപ്പുകളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം അവകാശപ്പെടുന്ന സാഹചര്യത്തില്‍ തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഹാജരാക്കാനാണ് ഇരുപക്ഷങ്ങള്‍ക്കും ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ജയിലാകും മുന്നെ ശശികല അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത പളനിസ്വാമിയാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ പ്രധാനി. ശശികല വിഭാഗം എംഎല്‍എമാര്‍ പളനിസാമിയെ പിന്തുണച്ച് കൂവത്തൂരിലെ റിസോര്‍ട്ടില്‍ തന്നെ തുടരുകയാണ്. പതിനൊന്ന് എംഎല്‍എമാരാണ് പനീര്‍ശെല്‍വത്തോടൊപ്പം ഇപ്പോഴുള്ളത്. ശശികല ജയിലിലായതോടെ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പനീര്‍ശെല്‍വം ക്യാമ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.