1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കേസായ സത്യം തട്ടിപ്പു കേസില്‍ കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു അടക്കം പത്ത് പേരെ ആന്ധ്രാപ്രദേശിലെ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. രാജു സഹോദരന്മാര്‍ക്ക് ഏഴു വര്‍ഷം തടവും അഞ്ചരക്കോടി പിഴയുമാണ് ശിക്ഷ.

രാജുവിന്റെ സഹോദരനും സത്യം കംപ്യൂട്ടേഴ്‌സിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ബി രാമരാജു, മുന്‍ സിഇഒ വദ്‌ലമണി ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രമണി ഗോപാലകൃഷ്ണന്‍, ടി ശ്രീനിവാസ്, രാജുവിന്റെ മറ്റൊരു സഹോദരന്‍ ബി സൂര്യനാരായണ രാജു, മുന്‍ ജീവനക്കാരായ ജി രാമകൃഷ്ണ, ഡി വെങ്കട്ട്പതി രാജു, ശ്രീ ശൈലം, കമ്പനിയുടെ മുന്‍ ചീഫ് ഓഡിറ്റര്‍ വിഎസ് പ്രഭാകര്‍ ഗുപ്ത എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളെല്ലാവരും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്. പ്രതികള്‍ക്കെതിരെ വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി.

2009 ലാണ് തട്ടിപ്പു നടന്നത്. ഇന്ത്യയിലെ നാലാമത്തെ ഐടി കമ്പനിയായ സത്യം കമ്പ്യൂട്ടേഴ്‌സ് കണക്കുകളില്‍ കൃത്രിമം കാട്ടി ഓഹരിയുടമകളില്‍ നിന്ന് പതിനാലായിരം കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. അതേ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ കേസ് ഏറ്റെടുത്തു. കേസില്‍ മൂവായിരം രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

രാമലിംഗ രാജുവിന്റെ മക്കള്‍ പ്രമോട്ടര്‍മാരായുള്ള മേറ്രാസ് ഇന്‍ഫ്ര, മേറ്റാസ് പ്രോപ്പര്‍ട്ടിസ് എന്നീ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള നീക്കമാണ് കോടികളുടെ തട്ടിപ്പില്‍ കൊണ്ടെത്തിച്ചത്. മേറ്റാസ് ഇന്‍ഫ്രയെ 160 കോടി ഡോളറിന് ഏറ്റെടുക്കാന്‍ രാജു ശ്രമിച്ചെങ്കിലും ഓഹരി ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി തകിടം മറിയുകയായിരുന്നു.

തട്ടിപ്പിന്റെ കഥകള്‍ ഒന്നൊന്നായി പുറത്ത് വന്നതോടെ കമ്പനിയുടെ ഓഹരി വില 40 രൂപയിലേക്ക് താഴ്ന്നു. തുടര്‍ന്ന്, 2009 ജനുവരിയില്‍ ബി രാമലിംഗരാജുവും സഹോദരന്‍ ബി രാമരാജുവും രാജിവച്ചു. തട്ടിപ്പ് നടത്തിയ കാര്യം രാജു ഏറ്റുപറഞ്ഞതോടെ 66 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ടായിരുന്ന സത്യം കംപ്യൂട്ടേഴ്‌സ് തകരുകയും ചെയ്തു.

അര ലക്ഷത്തിലേറെ ജീവനക്കാരാണ് കമ്പനി തകര്‍ന്നതോടെ വഴിയാധാരമായത്. 7,136 കോടി രൂപ യഥാര്‍ഥത്തില്‍ ഉള്ളതിലും കൂടുതലായി കമ്പനിയുടെ കൈവശം ഉണ്ടെന്നു കൃത്രിമമായി രേഖയുണ്ടാക്കിയതായി രാജു വെളിപ്പെടുത്തി. ബാങ്ക് നിക്ഷേപമായി കാണിച്ച 5,040 കോടി രൂപ യഥാര്‍ഥത്തില്‍ ഇല്ലാത്ത തുകയായിരുന്നെന്നും തെളിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.