1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2017

സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ പിടിയിലായത് ഏഴായിരത്തിലേറെ നിയമലംഘകര്‍, 7.5 ലക്ഷം പേര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടു. പൊതുമാപ്പിന്റെ ഭാഗമായി കഴിഞ്ഞ ഏഴു മാസമായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ ഏഴായിരത്തിലേറെ നിയമ ലഘകര്‍ പിടിയിലായതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. അതേസമയം, ഏഴു മാസം നീണ്ടുനിന്ന പൊതുമാപ്പ് വേളയില്‍ 7.5 ലക്ഷം നിയമലംഘകര്‍ രാജ്യം വിട്ടതായി ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ച് 29 നാണ് സല്‍മാന്‍ രാജാവ് മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

രണ്ട് ദിവസങ്ങളിലായി രാജ്യത്തെ 13 പ്രവിശ്യകളിലാണ് പരിശോധന നടന്നത്. 7,547 നിയമ ലംഘകരാണ് പിടിയിലായത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പരിശോധന തുടരുമെന്നും പൊതു സുരക്ഷാ വകുപ്പ് വക്താവ് സാമി അല്‍ ശുവൈരിഖ് പറഞ്ഞു. റിയാദില്‍ മലയാളികള്‍ തിങ്ങി താമസിക്കുന്ന ബത്ഹയിലും വിദേശികള്‍ ധാരളമുളള ഹാരയിലും പരിശോധന നടന്നു. താമസാനുമതി രേഖയായ ഇഖാമ ഇല്ലാത്ത നിരവധി വിദേശികളെ കസ്റ്റഡിയിലെടുത്തു. തൊഴില്‍ നിയമ ലംഘകരെയും തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്.

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി 7,58,570 നിയമ ലംഘകരാണ് ഇതുവരെ രാജ്യം വിട്ടത്. ഫൈനല്‍ എക്‌സിറ്റ് നേടിയ 22,000 പേര്‍ ഇനിയും രാജ്യം വിടാനുണ്ട്. ഈജിപ്തില്‍ നിന്നുളള നിയമ ലംഘകര്‍ക്ക് ആറു മാസം കൂടി പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. രാജ്യം വിട്ടവരില്‍ 40 ശതമാനം ഹജ്ജ്, ഉംറ, സന്ദര്‍ശന വിസയിലെത്തി കാലാവധി കഴിഞ്ഞും അനധികൃതമായി കഴിഞ്ഞവരാണ്. 60 ശതമാനം താമസതൊഴില്‍ നിയമ ലംഘകരും തൊഴില്‍ ഉടമയില്‍ നിന്ന് ഒളിച്ചോടിയവരുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.