1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2018

സ്വന്തം ലേഖകന്‍: ഖത്തറുമായി ഒരു നയതന്ത്ര വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൗദി; റിയാദില്‍ തുടങ്ങിയ ജിസിസി ഉച്ചകോടിയില്‍ നയതന്ത്ര പ്രതിസന്ധി. ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഉപാധികള്‍ അംഗീകരിച്ച് ജി.സി.സി. കൗണ്‍സിലില്‍ ഖത്തര്‍ തിരിച്ചെത്തുമെന്നാണ് ആഗ്രഹമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. മാത്രമല്ല ഖഷോഗ്ജി വധക്കേസില്‍ അറസ്റ്റിലായവരെ വിട്ടുതരില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി.സി.സി.ഉച്ചകോടിക്ക് ശേഷം സെക്രട്ടറി ജനറലിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഉപാധികള്‍ അംഗീകരിച്ചാല്‍ ഖത്തറിന് തിരിച്ചുവരാം. പക്ഷെ വിട്ടുവീഴചയ്ക്ക് തയ്യാറല്ല. വിദേശകാര്യമന്ത്രി വ്യക്തമാക്കി. അതേസമയം ജമാല്‍ ഖഷോഗ്ജി വധക്കേസ് പ്രതികളെ തുര്‍ക്കിക്ക് വിട്ടുനല്‍കില്ലെന്നും സൗദി വ്യക്തമാക്കി. നിയമപരമായി ആവശ്യപ്പെട്ട ഒരു രേഖകളും തുര്‍ക്കി നല്‍കിയിട്ടില്ലയെന്നും മന്ത്രി പറഞ്ഞു.

സൗദി തലസ്ഥാന നഗരിയായ റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള നേതാക്കള്‍ ഉച്ചക്കുശേഷമാണ് റിയാദില്‍ എത്തിയത്.ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ റിയാദ് കിംഗ് സല്‍മാന്‍ എയര്‍ബേസ് വിമാനത്താവളത്തില്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് സ്വീകരിച്ചു.

ഖത്തര്‍ ആഭ്യന്തര മന്ത്രി സുല്‍ത്താന്‍ അല്‍ മുറൈഖി, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സൈദ്, കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാഫിര്‍ അല്‍ സബാഹ് തുടങ്ങിയവരേയും ഇവരെ അനുഗമിച്ചെത്തിയ സംഘത്തേയും സല്‍മാന്‍ രാജാവ് സ്വീകരിച്ചു.

വിവിധ ഭീഷണികളും വെല്ലുവിളികളും നേരിടുന്നുണ്ട് ഗള്‍ഫ് മേഖല ഇന്ന്. തീവ്രഭീകരവാദ ഭീഷണിയുമുണ്ട്. ഇറാന്‍ ഗള്‍ഫ് മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. ഈ സാഹചരൃത്തില്‍ അംഗരാജ്യങ്ങള്‍ പരസ്പരം സഹകരണം ദൃഢപ്പെടുത്തേണ്ടതുണ്ടെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സല്‍മാന്‍ രാജാവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.