1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2015

സ്വന്തം ലേഖകന്‍: തീവ്രവാദി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സൗദിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും എണ്ണപ്പാടങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു. അരാംകോ സ്ഥാപനത്തിലും സൗദി അറേബ്യ സുരക്ഷാ സേനയെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ തുര്‍ക്കി അറിയിച്ചു.

ഒരു പ്രമുഖ ഷോപ്പിംഗ് മാളിനു നേരെയും അരാംകോ കമ്പനിക്കു നേരെയും തീവ്രവാദി ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നെന്നും ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദിയെ ഏറെക്കാലമായി അല്‍ഖാഇദയും ഇസ്ലാമിക് സ്റ്റേറ്റും ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ ഉന്നം വക്കുന്നുണ്ട്. സൗദി അമേരിക്കയുടെ പ്രധാന സഖ്യ കക്ഷിയാണെന്നതും യെമനില്‍ ഹൗതി വിമതര്‍ക്കെതിരെ സൗദി സൗദി സൈനിക നടപടിക്ക് മുതിര്‍ന്നതും സൗദിയെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ചെയ്തു.

മാര്‍ച്ച് 16 ന് സൗദിയുടെ ഒമ്പത് സുരക്ഷാ സൈനികര്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. റിയാദിലെ രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയൂം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത രണ്ട് ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന സൗദി പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചിരുന്നു.

മേഖലയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച് സൗദിയെ തീവ്രവാദികള്‍ ലക്ഷ്യം വെക്കാനും കൂടുതല്‍ അക്രമങ്ങള്‍ നടത്താനുമുള്ള സാധ്യത കൂടുതലാണെന്നും മന്‍സൂര്‍ തുര്‍ക്കി മുന്നറിയിപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.