1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2019

സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്ന് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം ശരാശരി പതിനയ്യായിരം ഗാര്‍ഹിക തൊഴിലാളികളാണ് സൗദി അറേബ്യയില്‍ നിന്നു മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യം വിടുന്നവരിലേറെയും ഹൗസ് ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമാണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയില്‍ 23 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 16 ലക്ഷം പുരുഷന്‍മാരും ഏഴ് ലക്ഷം സ്ത്രീകളുമാണ്. രാജ്യത്തുളളത് ഇന്ത്യക്കാരായ 6 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ്. ഹോം മാനേജര്‍, ഡ്രൈവര്‍, ക്ലീനര്‍, ഹോം ഗാര്‍ഡ്, ടൈലര്‍, കൃഷിക്കാരന്‍, ഹോം ടൂഷന്‍ ടീച്ചര്‍, ഹോം നഴ്‌സ് തുടങ്ങിയ തസ്തികകളിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ജോലി ഉപേക്ഷിച്ച് മടങ്ങിയവരില്‍ ഏറെയും പുരുഷന്‍മാരാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ അന്‍പതിനായിരം ഗാര്‍ഹിക തൊഴിലാളികളാണ് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്. സൗദിയില്‍ മാസം 430 കോടി റിയാലാണ് ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിഫലമായി വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ശരാശരി മാസം 1769 റിയാലായിരുന്നു ശമ്പളം. ഈ വര്‍ഷം അത് 1810 റിയാലായി വര്‍ധിച്ചു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചതോടെ ഗാര്‍ഹിക തൊഴിലാളികളായ നിരവധി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും കണക്കുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.