1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2015

സ്വന്തം ലേഖകന്‍: സൗദിയിൽ ബിനാമി ബിസിനസുകാരെ കുടുക്കാന്‍ പുതിയ നിയമ നിര്‍മ്മാണത്തിന് നീക്കം. ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് വ്യവസായ വാണിജ്യ മന്ത്രാലയമാണ് കൂടുതല്‍ കര്‍ക്കശമായ പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കുന്നത്.

സൗദികളുടെ പേരില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസുകള്‍ നിയന്ത്രിക്കുന്നതില്‍ കാര്യമായ വിജയം കാണാത്ത സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ട് വരുന്നത്. ബിനാമി ബിസിനസില്‍ ഏര്‍പ്പെടുന്ന സ്വദേശിക്കും വിദേശിക്കും കടുത്ത ശിക്ഷ നല്കുന്നതായിരിക്കും പുതിയ നിയമമെന്നാണ് സൂചന.

ബിനാമി ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്കു മുന്നറിയിപ്പ് നല്‍കാനും ഇതേക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും സര്‍ക്കാര്‍ വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശികളുടെ പേരില്‍ വിദേശികള്‍ക്കു ഒരുതരത്തിലുള്ള ബിസിനസ് നടത്താനും നിയമം അനുവദിക്കുന്നില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി.

വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ പണമയക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. ഈ വര്‍ഷാവസാനത്തോടെ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണം പതിനാറായിരം കോടി റിയാലിലെത്തും എന്നാണ് സൂചന. ഇതില്‍ അറുപത്തിയഞ്ചു ശതമാനവും ബിനാമി ബിസിനസ് വഴി സമ്പാദിച്ചതാണെന്നാണ് വിലയിരുത്തല്‍.

മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളെ കഴിഞ്ഞ ദിവസങ്ങളില്‍ ബിനാമി ബിസിനസിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. നിയമം നിലവില്‍ വരികയാണെങ്കില്‍ അത് ഏറ്റവുമധികം ബാധിക്കുക വിവിധ ചെറുകിട ബിസിനസുകള്‍ ചെയ്തു ജീവിക്കുന്ന പ്രവാസികളെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.