1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് അസുഖം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 511 ആയി. പരമാവധി പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഖതീഫില്‍ 4, അല്‍ അഹ്സയില്‍ 3, ഖോബാറില്‍ 3, ദഹ്റാനിലും ഖസീമിലും ഓരോന്ന് വീതവും ഇന്ന് സ്ഥിരീകരിച്ചു.

ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചതെന്ന് കണ്ടെത്തി. റിയാദിലും മക്കയിലും ഇതുണ്ടായി. ഇതിനാല്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ഇന്ന് ഒരാള്‍കൂടി അസുഖ മോചിതനായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17 ആയി. മക്കയില്‍ 72 പേര്‍ ഹോട്ടലില്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

പുതിയ കേസുകള്‍ കൂടി വന്നതോടെ റിയാദില്‍ ആകെ അസുഖ ബാധിതരുടെ എണ്ണം 200 ആയി. മക്കയില്‍ 143 ഉം കിഴക്കന്‍ പ്രവിശ്യയിലാകെ 119 പേര്‍ക്കും ജിദ്ദയില്‍ 43 പേര്‍ക്കും അസുഖം സ്ഥിരീകരിച്ചു. അസീറില്‍ മൂന്നും ജസാനില്‍ രണ്ടും പേര്‍ ചികിത്സയിലാണ്. അബഹ, മദീന, തബൂക്ക് എന്നിവിടങ്ങിലും ഓരോരുത്തര്‍ വീതമുണ്ട്. ഖസീമിലും ഇന്ന് അസുഖം സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം നിരീക്ഷണത്തിലാണ്.

കോവിഡ് രോഗബാധയുടെ വ്യാപനം തടയാൻ ബഹ് റൈനിൽ വളണ്ടിയർ സേവനം ചെയ്യാനായി മുപ്പതിനായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു. രോഗ വ്യാപനത്തിനെതിരെയുള്ള കർമ പദ്ധതിക്ക് നേത്യത്വം നൽകുന്ന നാഷണൽ ടാസ്ക് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം പതിനഞ്ചിനാണ് രാജ്യനിവാസികളിൽ നിന്ന് വളണ്ടിയർ സേവനം ആവശ്യപ്പെട്ടു കൊണ്ട് അധിക്യതരുടെ അറിയിപ്പുണ്ടായത്. മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് ടാസ്ക് ഫോഴ്സ് വ്യത്തങ്ങൾ അറിയിച്ചു.

കോവിഡ് രോഗബാധക്കെതിരെയുള്ള കർമപദ്ധതിയുടെ ഭാഗമായി രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ Be Aware എന്ന പേരിൽ മൊബൈൽ ആപ്പും ബഹ്‌റൈൻ പുറത്തിറക്കി. രോഗ സംബന്ധിയായ വിവരങ്ങൾ യഥാസമയം ലഭ്യമാക്കുന്ന രീതിയിലാണ് ആപ്പ് സംവിധാനിച്ചിരിക്കുന്നത്. apps.bahrain.bh എന്ന പോർട്ടലിൽ ഉടൻ തന്നെ ആപ്പ് ലഭ്യമാകും.

രോഗ ബാധിതനായ ആൾ എത്തിയ സ്ഥലത്ത് മറ്റു വ്യക്തികൾ സന്ദർശനം നടത്തിയാൽ ആപ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകും. വിവരങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്തിയായിരിക്കും ആപ്പ് പ്രവർത്തിക്കുക. കോവിഡ് രോഗബാധക്കെതിരെയുള്ള ചെറുത്തുനില്പിന് കരുത്ത് പകരാൻ രാജ്യനിവാസികൾ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്ന് അധിക്യതർ ആവശ്യപ്പെട്ടു.

ബഹ് റൈനിലെ ഇന്ത്യൻ പ്രവാസികൾക്ക് കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട അടിയന്തിര സേവനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ നമ്പറിൽ ബന്ധപ്പെടാം: +973 39415772.

അതേസമയം കോവിഡ് രോഗപ്പകര്‍ച്ച നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഖത്തറില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. റീട്ടെയില്‍ സ്റ്റോറുകളില്‍ ആളുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം, ക്യാഷ് കൌണ്ടറുകള്‍ക്ക് സമീപം ഇതിനായി പ്രത്യേക മാര്‍ക്കുകള്‍ രേഖപ്പെടുത്തണം, സ്പോര്‍ട്സ് ക്ലബുകള്‍, ലുസൈല്‍ സിറ്റി കോര്‍ണിഷ്, ദോഹ കോര്‍ണിഷ്, അല്‍ ഖോര്‍ കോര്‍ണിഷ്, ആസ്പയര്‍ പാര്‍ക്ക് തുടങ്ങിയ ഭാഗങ്ങളിലുള്ള മുഴുവന്‍ റസ്റ്റോറന്‍റുകളും കഫേകളും ഫുഡ് ഔട്ട്ലറ്റുകളും അടച്ചിടണം എന്നിവയാണ് ഇവയിൽ പ്രധാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.