1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2019

സ്വന്തം ലേഖകന്‍: സൗദി രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്. സൗദി രാജാവ് സല്‍മാനും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഇടയില്‍ അസ്വാരസ്യങ്ങളെന്ന് റിപ്പോര്‍ട്ട്. യെമന്‍ യുദ്ധം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകളാണ് അസ്വാരസ്യത്തിന് കാരണമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കഴിഞ്ഞ മാസം സല്‍മാന്‍ രാജാവിന്റെ ഈജിപ്ത് സന്ദര്‍ശന വേളയിലാണ് ഭിന്നത ശക്തമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കിരീടാവകാശി സല്‍മാന്‍ രാജാവിനെതിരെ നീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ത് സന്ദര്‍ശന വേളയില്‍ രാജാവിന്റെ ഉപദേഷ്ടാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് ഭിന്നത ഉടലെടുത്തത്.

ഈജിപ്ത് സന്ദര്‍ശന വേളയില്‍ സല്‍മാന്‍ രാജാവിന്റെ സുരക്ഷാ വിശദാംശങ്ങളുടെ ചുമതല 30 അംഗ അനുയായി സംഘത്തിന് മാറ്റി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അനുയായികള്‍ അദ്ദേഹത്തിനു മുന്നറിയിപ്പു നല്‍കിയത്. ഈജിപ്ഷ്യന്‍ സെക്യൂരിറ്റി ഗാര്‍ഡുകളെയും പിരിച്ചുവിട്ടിരുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സല്‍മാന്‍ രാജാവ് തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ച ഉന്നതരുടെ കൂട്ടത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉണ്ടായിരുന്നില്ല. അല്‍ഗേറിയയിലെ പ്രതിഷേധക്കാരോടുള്ള എം.ബി.എസിന്റെ തീവ്ര നിലപാടും യെമനി യുദ്ധതടവുകാരോടുള്ള പെരുമാറ്റവുമാണ് ഇരുവര്‍ക്കുമിടയിലെ ഭിന്നതയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്.

കിരീടാവകാശി സ്ഥാനത്തെത്തിയതിനു പിന്നാലെ എം.ബി.എസ് രാജകുടുംബത്തിലെ എതിരാളികളെയും ഭിന്നസ്വരങ്ങളേയും അടിച്ചമര്‍ത്തി അധികാരം തനിക്കു കീഴില്‍ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ എം.ബി.എസിന് കുപ്രസിദ്ധി നേടിക്കൊടുത്തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത് സൗദിയും യു.എസും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.