1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2017

സ്വന്തം ലേഖകന്‍: ചരിത്രം തിരുത്തി സൗദി രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനം, പുതിയ സൗഹൃദവും നിര്‍ണായക തീരുമാനങ്ങളുമായി റഷ്യയും സൗദിയും. രു നൂറ്റാണ്ടോളം നീണ്ട നയതന്ത്ര ബന്ധത്തിനിടയില്‍ ആദ്യമായാണ് ഒരു സൗദി ഭരണാധികാരി റഷ്യ സന്ദര്‍ശിക്കുന്നത്. ബുധനാഴ്ച മോസ്‌കോയില്‍ സൗദി രാജാവിന് ഊഷ്മളമായ വരവേല്‍പ്പാണ് റഷ്യ നല്‍കിയത്. വ്യാഴാഴ്ച പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായും വെള്ളിയാഴ്ച പ്രധാനമന്ത്രി ദിമിത്രി മെദ് വെദേവ് ആയും സല്‍മാന്‍ രാജാവ് ചര്‍ച്ചകള്‍ നടത്തി.

സൗദി രാജാവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തതായി റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ പെട്രോകെമിക്കല്‍ കമ്പനിയായ സിബുറിന്റെ പ്ലാന്റ് സൗദിയില്‍ സ്ഥാപിക്കുന്നതിനുള്ള 1.1 ബില്യന്‍ ഡോളര്‍ കരാറാണ് ഇതില്‍ പ്രധാനം.

നവംബറില്‍ എണ്ണയുല്‍പാദക രാജ്യങ്ങളുടെ (ഒപെക്) സമ്മേളനം ചേരുന്നതിനു മുന്നോടിയായി എണ്ണയുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സൗദി ഭരണകൂടത്തിലെയും സ്വകാര്യ കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍ പ്രതിനിധി സംഘം സല്‍മാന്‍ രാജാവിനോടൊപ്പം റഷ്യയില്‍ എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കാവുന്ന മേഖലകള്‍ അനന്തമാണെന്ന് സന്ദര്‍ശനത്തോടെ ബോധ്യമായതായി റഷ്യന്‍ കമ്പനിയുടെ സൗദിയിലെ മുന്‍ ജനറല്‍ മാനേജര്‍ കോണ്‍സ്റ്റന്റൈന്‍ ദുതറേവ് പറഞ്ഞു.

സാമ്പത്തിക, വാണിജ്യ മേഖലകളില്‍ പുതിയ സഹകരണത്തിന് വഴിയൊരുക്കാന്‍ രാജാവിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജാവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് നൂറിലേറെ സൗദിറഷ്യന്‍ ബിസിനസ് നേതാക്കളെ പങ്കെടുപ്പിച്ച് ബുധനാഴ്ച മോസ്‌കോയില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ സമ്മേളനം ഉപകരിക്കുമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ റാജിഹി പറഞ്ഞു.

അറബ് രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന സൗദി രാജാവിന്റെ സന്ദര്‍ശനം ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും. നിരീശ്വര രാജ്യമായതിനാല്‍ സോവിയറ്റ് യൂണിയനുമായുള്ള ബന്ധം 1938 ല്‍ സൗദി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു ശേഷമാണ് സൗദി മോസ്‌കോയുമായി നയതന്ത്രബന്ധം പുനരാരംഭിച്ചത്. സൗദി കിരീടാവകാശിയും യഥാര്‍ഥ ഭരണനിയന്താവുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മേയില്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.