1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സിനു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൂടുതൽ മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയേറ്റ ഫിലിപ്പീന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്‌സുമാരെയാണ് നിരീക്ഷിച്ചുവരുന്നത്. ഇവരെ പ്രത്യേക മുറിയിലേക്ക് മാറ്റി. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലാണ് സംഭവം. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അൽ ഹയാത്ത് ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള നൂറോളം ഇന്ത്യൻ നഴ്‌സുമാരെ പരിശോധിച്ചു. ഒരു നഴ്‌സിനൊഴികെ മറ്റാരിലും കൊറോണ വൈറസ് ബാധി സ്ഥിരീകരിക്കാനായില്ലെന്നും രോഗം ബാധിച്ച നഴ്‌സ് അസീർ ദേശീയ ആശുപത്രിയിൽ ചികിത്സയിലാണ്, സുഖം പ്രാപിച്ചുവരികയാണെന്നും വി.മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

അതേസമയം വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിദഗ്ധ ചികിത്സയുറപ്പാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത്.

കൊറോണവൈറസ് ബാധ സംശയിച്ച് സൗദി അറേബ്യയിലെ ആശുപത്രിയില്‍ മാറ്റി പാര്‍പ്പിച്ച മുപ്പതില്‍ പത്ത് നഴ്സ്മാരെ ഇനിയും പരിശോധനയക്ക് വിധേയരാക്കിയില്ലെന്ന് റിപ്പോർട്ട്. ഇരുപതുപേരെ വൈറസ് പരിശോധനയക്ക് വിധേയരാക്കി. തങ്ങളെ ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നഴ്സ്മാര്‍ ആവശ്യപ്പെട്ടു.

മലയാളി നഴ്സുമാർക്ക് കൊറോണവൈറസ് ബാധ സംശയിക്കുന്നത് സംബന്ധിച്ച് ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവിടുത്തെ ഇന്ത്യന്‍ എമ്പസി അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അബഹയിലെ സ്വകാര്യ ആശുപത്രിയായ ഹയാതില്‍ നൂറോളം മലയാളി നഴ്സുമാര്‍ തൊഴിലെടുക്കുന്നുണ്ട്. നഴ്സുമാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം.ഇതിനായി സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ചൈനയിലാണ് കോറോണ വൈറസ് ബാധ ഗുരുതര ഭീഷണി ഉയര്‍ത്തുന്നത്. 17 പേര്‍ ഇതിനകം മരിച്ചു. 450ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അന്‍പതിലേറെ പേര്‍ ഗുരുതരാവസ്ഥയിലാണ്. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്നതാണ് രോഗത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്. വൈറസ് വ്യാപകമായി പടരുമെന്ന ആശങ്കയില്‍ ചൈനയിലെ വുഹാന്‍ നഗരം അധികൃതര്‍ അടച്ചിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.