1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2019

സ്വന്തം ലേഖകന്‍: പായസത്തിന്റെ മധുരവും ഒപ്പം രസകരമായ പഞ്ച് ഡയലോഗുകളും; സമൂഹ മാധ്യമങ്ങളില്‍ താരമായി സൗദിയിലെ പായസ വില്‍പ്പനക്കാരന്‍ മലയാളി. ‘തിക്കും തിരക്കുമുണ്ടാക്കല്ലേ, കാലിമ്മേ ചവിട്ടല്ലേ… ലുഖ്മാനിയ ഇന്റര്‍നാഷനല്‍ കമ്പനി തയാറാക്കുന്ന പായസം എല്ലാവര്‍ക്കും തരാം,’ തൃശൂര്‍ കയ്പമംഗലം സ്വദേശി ഷാഹുല്‍ ഹമീദ് പറയുന്നു. നടന്‍ ജയസൂര്യ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയിലെ ദൃശ്യങ്ങളാണിത്.

വീഡിയോ വൈറലായതോടെ ഈ പായസക്കച്ചവടക്കാരന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. വര്‍ഷങ്ങളായി സൗദിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബിസിനസ് തന്ത്രങ്ങള്‍ വൈറലായതോടെ പായസത്തിന് ആവശ്യക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. രണ്ടോ മൂന്നോ പേരാണ് പായസം വാങ്ങാനുള്ളതെങ്കിലും ‘തിക്കും തിരക്കുമുണ്ടാക്കല്ലേ, കാലിമ്മേ ചവിട്ടല്ലേ,’ എന്ന് പറഞ്ഞ് തൊട്ടടുത്ത ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഷാഹുല്‍ ഹമീദിന്റെ സൂത്രം.

‘തോന്നുമ്പം കിട്ടീല്ല, കാണുമ്പം മേടിക്കുക,’ ഇതാണ് ഷാഹുലിന്റെ ലുഖ് മാനിയ കമ്പനിയുടെ പരസ്യ വാചകം.
ഒരിടത്ത് തന്നെ കുറേ നേരം പായസ വില്‍പനയുമായി നില്‍ക്കാതെ, പ്രത്യേകം തയ്യാറാക്കിയ വലിയ ബാഗില്‍ നിറച്ച പായസവും തോളില്‍ പണസഞ്ചിയുമായി നഗരത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കുകയാണ് ഇദ്ദേഹം. പുലര്‍ച്ചെ പ്രഭാത പ്രാര്‍ഥന കഴിഞ്ഞാണ് പായസ നിര്‍മാണം ആരംഭിക്കുക. അതും ഒറ്റയ്ക്ക്.

ഉച്ചയോടെ പായ്ക്കിങ്ങും മറ്റും തയ്യാറായി വൈകിട്ട് നാലരയോടെ ആവശ്യക്കാരുടെ ഇടയിലേക്കിറങ്ങും.
സൗദി തലസ്ഥാനമായ റിയാദിലെ, മലയാളികളുടെ സിരാകേന്ദ്രമായ ബത് ഹയിലാണ് ഷാഹുല്‍ താമസിക്കുന്നത്. അതുകൊണ്ടു റിയാദിലെ ബത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഐഎസ്‌ഐ മാര്‍ക്കുള്ള ഇന്റര്‍നാഷനല്‍ പായസം എന്നു തന്റെ ഉത്പന്നത്തെ വിശേഷിപ്പിക്കുന്നു.

ഒരു വട്ടച്ചെമ്പ് പായസത്തിന് രണ്ട് റിയാല്‍ എന്നാണ് വിളിച്ചുപറയുക. പക്ഷേ, നല്‍കുന്നത് ചെറിയ അലുമിനിയം ഫൂ!ഡ് കണ്ടെയ്‌നറിലും. നേരത്തെ ബത് ഹയില്‍ തനിക്കൊരു പായസക്കടയുണ്ടായിരുന്നതായി ഷാഹുല്‍ പറയുന്നു. അവിടെ ഏഴ് തരം പായസങ്ങളും ലുഖ് മാനിയ സ്‌പെഷല്‍ ജീരകക്കഞ്ഞിയുമുണ്ടായിരുന്നു. പായസത്തില്‍ കടിച്ചാല്‍ പൊട്ടാത്ത അണ്ടിപ്പരിപ്പ് കിട്ടുന്നവര്‍ക്ക് ഇന്നോവ കാറും ഷാഹുല്‍ ഹമീദ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും അങ്ങനെയൊരു അണ്ടിപ്പരിപ്പ് കിട്ടാത്തതിനാല്‍ ആ സമ്മാനം ലഭിച്ചവരായി ആരുമില്ലെന്നും ഇദ്ദേഹം ചിരിയോടെ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.