1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2020

സ്വന്തം ലേഖകൻ: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈയടുത്ത് രാജകുടുംബത്തിലെ മൂന്നംഗങ്ങളെ അറസ്റ്റ് ചെയ്തു എന്ന റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചയായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന് അധികാരം പിടിച്ചടക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയായാണ് ഈ അറസ്റ്റ് എന്നായിരുന്നു വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലേറിയതിനു ശേഷം എങ്ങനെയാണ് അദ്ദേഹം തന്റെ അധികാരം ഉറപ്പിക്കാന്‍ വേണ്ടി തനിക്കു നേരെയുള്ള വെല്ലുവിളികളെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കുന്നത് എന്ന കാര്യം ചര്‍ച്ചയാവുന്നത്. ഇത് സംബന്ധിച്ച് പശ്ചിമേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

സല്‍മാന്‍ അധികാരത്തിലേറിയതുമുതല്‍ നിരവധി പേരാണ് സൗദിയില്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിരിക്കുന്നത്. ഇതിന്റെ പിന്നിലെല്ലാം എം.ബി.എസിന്റെ നിയന്ത്രണത്തിലുള്ള സൈനിക-ഇന്റലിജന്‍സ് ഏജന്‍സിയായ ടൈഗര്‍സ്‌കോഡാണ് ചോദ്യ ചിഹ്നത്തിലാവുന്നത്.

2015 ലാണ് സൗദി രാജാവ് തന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ 29ാം വയസ്സില്‍ പ്രതിരോധമന്ത്രിയായി നിയമിക്കുന്നത് പിന്നീട് ഇദ്ദേഹത്തെ കിരീടാവകാശിയായി നിയമിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലേക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയെ കൊണ്ടു വന്നിരിക്കുകയാണ്.

ഈയടുത്ത് അറസ്റ്റിലായവര്‍

മുഹമ്മദ് ബിന്‍ സാദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ്
സൗദി രാജാവിന്റെ സഹോദരപുത്രനും കിരീടാവകാശിയെ നിശ്ചയിക്കുന്ന കൗണ്‍സില്‍ അംഗവുമാണ് ഇദ്ദേഹം. എം.ബി.എസിനെ അധികാരിയാക്കുന്നതില്‍ ഇദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നു.

പ്രിന്‍സ് മുഹമ്മദ് ബിന്‍ നയെഫ്

മുന്‍ ആഭ്യന്തര മന്ത്രിയായ നയെഫ് സൗദി രാജാവിന്റെ സഹോദര പുത്രനാണ്. ഇദ്ദേഹവുമായുള്ള അധികാര വടംവലിക്ക് ശേഷമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായി ചുമതലയേല്‍ക്കുന്നത്. 2017 ല്‍ കിരീടാവകാശ സ്ഥാനം നഷ്ടമായ ശേഷം ഇദ്ദേഹം വീട്ടു തടങ്കലിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രിന്‍സ് അഹമ്മദ് അബ്ദുള്‍ അസീസ്

സൗദി രാജാവ് സല്‍മാന്റെ സഹോദരനും അബ്ദുള്‍ അസീസിന്റെ മകനുമാണ് ഇദ്ദേഹം.

മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണകാലത്ത് കൊല്ലപ്പെട്ടവര്‍

ജമാല്‍ ഖഷോഖ്ജി

മാധ്യമപ്രവര്‍ത്തകനായ ഖഷോഖ്ജി 2018 ഒക്ടോബറിലാണ് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെടുന്നത്. എം.ബി.എസിന്റെ നിയന്ത്രണത്തിലുള്ള സൈനിക-ഇന്റലിജന്‍സ് ഏജന്‍സിയായ ടൈഗര്‍സ്‌കോഡിലെ 15 പേരാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് പിന്നീട് തെളിഞ്ഞു. ഏറെ വാര്‍ത്തകളില്‍ ഇടം നേടിയ ഈ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായതാണ്.

പ്രിന്‍സ് മന്‍സൂര്‍ ബിന്‍ മുഖ്‌റിന്‍

മുന്‍ കിരീടാവകാശിയുടെ മകനും ആസിര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറുമായ മന്‍സൂര്‍ ബിന്‍ മുഖ്‌റിന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ആണ് മരിക്കുന്നത്. യെമനിലെ സൗദി അതിര്‍ത്തിയില്‍ വെച്ചായിരുന്നു അപകടം. ഈ ഹെലികോപ്ടര്‍ അപകടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ടൈഗര്‍ സ്‌കോഡ് തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വിന്നിരുന്നു. കിരീടാവകാശിയായി സല്‍മാനെ പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കരുതെന്നാവശ്യപ്പെട്ട് സൗദി രാജകുടുംബത്തിലെ ആയിരത്തോളം രാജാംഗങ്ങള്‍ക്ക് കൊല്ലപ്പെട്ട മന്‍സൂര്‍ കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്.

ഷെയ്ഖ് സുലൈമാന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ തുനിയന്‍

മക്ക പൊതു കോടതി പ്രസിഡന്റായ ഇദ്ദേഹം 2018 ഒക്‌ടോബറില്‍ റിയാദിലെ ആശുപത്രിയില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. വിഷം കുത്തിവെച്ചാണ് ഇദ്ദേഹം മരിക്കുന്നത്. ഈ മരണത്തിനു പിന്നിലും ടൈഗര്‍ സ്‌കോഡ് തന്നെയാണ് എന്നായിരുന്നു ആരോപണം. മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തികാശയങ്ങളെ എതിര്‍ത്തുകൊണ്ട് ഇദ്ദേഹം മുഹമ്മദ് ബിന്‍ സല്‍മാന് കത്തെഴുതിയിരുന്നു.

ജയിലിടയ്ക്കപ്പെട്ടവര്‍

ഷെയ്ഖ് സല്‍മാന്‍ അല്‍ ഒദ, അവദ് അല്‍ ഖാര്‍നി, അലി അല്‍ ഒമറി എന്നിവര്‍ മുസ്ലിം ബ്രദര്‍ഹുഡില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഷഹ്വ മൂവ്‌മെന്റിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ഇവര്‍ക്കു പുറമെ 2018 ല്‍ ലൂജിയന്‍ അല്‍ ഹതൂല്‍, ഇമാന്‍ അല്‍ നജ്ഫാന്‍, അസീസ അല്‍ യൂസഫ് തുടങ്ങി നിരവധി ഫെമിനിസ്റ്റ് പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ ചിലരെ വിട്ടയച്ചെങ്കിലും ചിലരിപ്പോഴും ജയിലിലാണ്. ഇവര്‍ക്കൊപ്പം നിരവധി പേരെ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

നാടു കടത്തപ്പെട്ടവര്‍

സാദ് അല്‍ ജെബ്രി

മുന്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് ബിന്‍ നയെഫിന്റെ ഉപദേഷ്ടാവും ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും ആയിരുന്നു ഇദ്ദേഹം. 2015 ല്‍ സല്‍മാനും നയെഫും തമ്മില്‍ അധികാര തര്‍ക്കം നടന്ന സമയത്ത് ഇദ്ദേഹത്തിന് 2017 ല്‍ കാനഡയില്‍ അഭയം തേടേണ്ടി വന്നു. ഇതിനു ശേഷമാണ് നയെഫ് വീട്ടു തടങ്കലില്‍ ആവുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.