1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2015

സ്വന്തം ലേഖകന്‍: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്‌സിഡി എടുത്തു കളയണമെന്ന ഐഎംഎഫ് ആവശ്യം സൗദി തള്ളി. പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്നാണ് അന്താരാഷ്ട്ര നാണയനിധി സൗദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില റെക്കോര്‍ഡ് തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ അവശ്യ വസ്തുക്കളുടെ സബ്‌സിഡി എടുത്തുകളയണമെന്ന് ഐ.എം.എഫ്. ആവശ്യപെട്ടത്.

എന്നാല്‍ പൊതുഗതാഗതം കാര്യക്ഷമമാകുന്നത് വരെ ഇന്ധനവില വര്‍ദ്ധിപ്പിക്കില്ലെന്ന് സൗദി അധികൃതര്‍ ഐ.എം.എഫിനെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം 300 ബില്ല്യന്‍ സൗദി റിയാലാണ് സൗദി ഇന്ധന സബ്‌സിഡി ഇനത്തില്‍ നല്‍കിയത്. രാജ്യത്തെ ഓരോ പൗരനും വര്‍ഷത്തില്‍ ശരാശരി 35 ബാരല്‍ ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ലോകത്ത് എണ്ണ ഉല്‍പാദനത്തില്‍ പ്രമുഖ സ്ഥാനത്തുള്ള സൗദി ഏറ്റവും കുറഞ്ഞ വിലക്കാണ് രാജ്യത്ത് ഇന്ധനം നല്‍കുന്നത്.

എന്നാല്‍ യമനിലേയും ഇറാഖിലെയും സൈനിക ഇടപെടല്‍ മൂലം രാജ്യത്തിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടായെന്നും എണ്ണ വിലയിടിവിന്റെ സാഹചര്യത്തില്‍ ഇത് പരിഹരിക്കുവാന്‍ സബ്‌സിഡി നിര്‍ത്തലാക്കല്‍ അനിവാര്യമാണെന്നുമാണ് ഐ.എം.എഫ് പറയുന്നത്. എന്നാല്‍ ഇതിലും വലിയ സാമ്പത്തിക പ്രതിസന്ധി രാജ്യം മറികടന്നിട്ടുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ധന സബ്‌സിഡി പിന്‍വലിക്കുന്നത് പൗരന്മാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.