1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2017

സ്വന്തം ലേഖകന്‍: വിമാനത്താവളങ്ങളും ആശുപത്രികളും സ്വകാര്യവല്‍ക്കരിക്കാന്‍ സൗദി, ലക്ഷ്യം 200 ബില്യണ്‍ ഡോളറിന്റെ വരുമാനം. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുക, സബ്‌സിഡി ഒഴിവാക്കുക, ചെലവുചുരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും ആസ്പത്രികളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ സൗദി സര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്നത്. വിവിധ മേഖലകളില്‍ നടപ്പാക്കുന്ന സ്വകാര്യവത്കരണത്തിലൂടെ അടുത്തവര്‍ഷം 200 ബില്യന്‍ ഡോളറിന്റെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് സാമ്പത്തിക, ആസൂത്രണ സഹമന്ത്രി മുഹമ്മദ് അത്തുവൈജിരി പറഞ്ഞു.

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ ചെലവുചുരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വ്യവസായമേഖലയില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെ കിങ് ഫൈസല്‍ സ്‌പേഷ്യലൈസ്ഡ് ആശുപത്രി ഭീമന്‍ കമ്പനിയാക്കി പരിവര്‍ത്തിപ്പിക്കുമെന്ന് റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ സഹമന്ത്രി പറഞ്ഞു.

സ്വദേശികളും വിദേശികളുമായ രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും ആരോഗ്യ ഇുഷുറന്‍സ് നിര്‍ബന്ധമാക്കുന്നത് ഇതിന്റെ ഭാഗമാണ്. കൂടുതല്‍ മെച്ചപ്പെട്ട ആതുരശുശ്രൂഷ ഉറപ്പുവരുത്താന്‍ കൂടിയാണ് സ്വാദേശിവത്കരണം നടപ്പാക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളും സ്വകാര്യവത്കരണത്തിന് കീഴില്‍ വരും. ഗ്രൗണ്ട് സപ്പോര്‍ട്ട്, കാറ്ററിങ്, കാര്‍ഗോ, എയര്‍ലൈന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളെ വ്യത്യസ്ത കമ്പനികളാക്കിയാണ് സ്വകാര്യവത്കരണം നടപ്പാക്കുക.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.