1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2016

സ്വന്തം ലേഖകന്‍: വീട്ടുജോലിക്കാരെ വില്‍പ്പന നടത്തുന്നവരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി സൗദി സര്‍ക്കാര്‍. വീട്ടുജോലിക്കാരെ വില്‍പന നടത്തുകയോ അനധികൃതമായി വാടകക്ക് നല്‍കുകയോ മധ്യസ്ഥം വഹിക്കുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം തടവോ പത്ത് ലക്ഷം റിയാല്‍ പിഴയോ രണ്ടും ഒന്നിച്ചോ ആയിരിക്കും ശിക്ഷയായി ലഭിക്കുക.

വീട്ടില്‍ ജോലിക്കായി നിയമിക്കുന്നവരുടെ കച്ചവടവും ഇവര്‍ക്കെതിരെ ശാരീരിക പീഡനങ്ങളടക്കം കടുത്ത ചൂഷണങ്ങളും പതിവാകുന്ന സാഹചര്യത്തിലാണ് സൗദി സര്‍ക്കാരിന്റെ ഇടപെടല്‍. ഉത്സവകാലം അടുത്ത സാഹചര്യത്തില്‍ വിപണിയില്‍ വീട്ടുവേലക്കാര്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യം മുതലെടുക്കാന്‍ വിവിധ സ്ഥാപനങ്ങളിലെ ഏജന്റുമാര്‍ ശ്രമം തുടങ്ങുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.

മുസാനിദ് സംവിധാനത്തിലൂടെയല്ലാതെ വേലക്കാരെ കൈമാറ്റം ചെയ്യുകയോ താല്‍ക്കാലിക കാലത്തേക്ക് വാടകയ്ക്ക് നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി,തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഫാലിഹ് പറഞ്ഞു. വീട്ടുവേലക്കാരെ ആവശ്യമുള്ളവര്‍ മുനാസിദ് സംവിധാനം മാത്രമേ ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ.

വേലക്കാരെ ചൂഷണം ചെയ്ത് തൊഴിലുടമയോ സ്ഥാപനമോ ഇടനിലക്കാരോ അവരെ കൈമാറ്റം ചെയ്യുകയും വാടകക്ക് നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനുഷ്യക്കടത്തിന്റെയും കച്ചവടത്തിന്റെയും ഗണത്തില്‍ ഉള്‍പ്പെടുത്തി പരമാവധി ശിക്ഷ നല്‍കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.