1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2019

സ്വന്തം ലേഖകന്‍: ‘അവര്‍ എന്നെ കൊല്ലും, സൗദിയിലേക്ക് എന്നെ തിരിച്ചയക്കരുതേ,’ നാടുകടത്താനുള്ള തായ്‌ലന്റ് അധികൃതരുടെ നീക്കത്തിനെതിരെ 18കാരിയായ സൗദി യുവതി. തായ് എയര്‍പോര്‍ട്ടില്‍ സ്വയം ബാരിക്കേഡുകള്‍ തീര്‍ത്താണ് നാടുകടത്തല്‍ ഭീഷണി നേരിടുന്ന സൗദി പെണ്‍കുട്ടിയുടെ പ്രതിരോധം. ബന്ധുക്കള്‍ തന്നെ ഇല്ലാതാക്കുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ തിരിച്ചുപോകാന്‍ തയ്യാറല്ലെന്നുമാണ് യുവതി പറയുന്നത്. അവരെ കുവൈറ്റ് വിമാനത്തില്‍ കയറ്റിവിടാനുള്ള തായ് അധികൃതരുടെ ശ്രമം വിജയിച്ചില്ല.

18കാരിയായ റഹാഫ് മുഹമ്മദ് അല്‍ ക്യുനന്‍ ആണ് ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച മുതല്‍ പ്രതിഷേധിക്കുന്നത്. തായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റഹാഫിനെ തടഞ്ഞുവെച്ചിരുന്നു. സൗദി സര്‍ക്കാറിനുവേണ്ടിയാണ് തന്നെ തടഞ്ഞതെന്നാണ് റഹാഫിന്റെ വാദം. ഇത് സൗദി വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. തായ് എമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് റഹാഫിനെ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് സൗദിയുടെ വാദം.

ഒരു ഹോട്ടല്‍മുറിയില്‍ മേശ ഉപയോഗിച്ച് ബാരിക്കേഡ് തീര്‍ത്തു കഴിയുകയാണ് റഹാഫ്. ഇതിന്റെ വീഡിയോ അവര്‍ ട്വീറ്റു ചെയ്തു. കുടുംബത്തോടൊപ്പം കുവൈറ്റ് സന്ദര്‍ശിക്കാനെത്തിയ റഹാഫ് അവിടെ നിന്നും ഒളിച്ചു രക്ഷപ്പെടുകയായിരുന്നു. തായ്‌ലാന്റില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോയി അവിടെ അഭയം തേടാനായിരുന്നു തീരുമാനം. എന്നാല്‍ തായ്‌ലന്റില്‍ വിമാനമിറങ്ങിയ ഉടനെ അവരെ അധികൃതര്‍ പിടിച്ചുവെക്കുകയായിരുന്നു.

‘എന്റെ സഹോദരങ്ങളും കുടുംബവും സൗദി എംബസിയും എന്നെ കുവൈറ്റില്‍ കാത്തിരിക്കുന്നുണ്ട്. അവര്‍ എന്നെ കൊല്ലും. എന്റെ ജീവന്‍ അപകടത്തിലാണ്. അങ്ങേയറ്റം നിസാരമായ കാര്യത്തിന് എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് എന്റെ കുടുംബം,’ റഹാഫ് പറയുന്നു.

‘എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പഠനം തുടരാന്‍ അനുവദിക്കുന്നില്ല. ഡ്രൈവ് ചെയ്യാനോ യാത്ര ചെയ്യാനോ അനുവദിക്കാറില്ല. ജോലി ചെയ്യാനും ജീവിക്കാനും എനിക്ക് ഇഷ്ടമാണ്. ഒരുപാട് ആഗ്രഹങ്ങളുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. പക്ഷേ ജീവിക്കുന്നതില്‍ നിന്നും കുടുംബം എന്നെ തടയുകയാണ്,’ എന്നും റഹാഫ് ആരോപിക്കുന്നു.

ഒരു വിധത്തിലുള്ള അനുനയങ്ങള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും യുവതി വഴങ്ങാതായതോടെ പുലിവാല് പിടിച്ച തായ് അധികൃതര്‍ പ്രശ്‌നം യുഎന്‍ അഭയാര്‍ഥി ഏജന്‍സിക്ക് കൈമാറി തലയൂരാനുള്ള ശ്രമത്തിലാണ്. യുഎന്‍ ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടാകുംവരെ റഹാഫയ്ക്ക് താല്‍ക്കാലികമായി തായ് മണ്ണില്‍ തുടരാമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.