1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2017

സ്വന്തം ലേഖകന്‍: പ്രവാസികളില്‍ നിന്ന് ആശ്രിത ലെവി ഈടാക്കുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് സൗദി, അധിക ബാധ്യത താങ്ങാനാകാത്ത പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഈ വര്‍ഷം ജൂലൈ മുതലാണ് ആശ്രിത ലെവി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ് ആന്‍ അറിയിച്ചു. എന്നാല്‍ ചില രാജ്യങ്ങളിലെ പൗരന്മാരെ ഈ ഫീസ് വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കുടുംബ വിസയില്‍ കഴിയുന്ന ഓരോ അംഗത്തിനും 2017 ജൂലൈ മുതല്‍ ഓരോ മാസത്തിനും 100 റിയാല്‍ വീതമാണു ഫീസ് നല്‍കേണ്ടത്.ഈ ഫീസ് 2018 ജൂലൈ മുതല്‍ 200 റിയാലും 2019 ജൂലൈ മുതല്‍ 300 റിയാലും 2020 ജൂലൈ മുതല്‍ 400 റിയാലുമായി ഉയര്‍ത്തും. കുടുംബ നാഥന്റെ ഇഖാമ(താമസ രേഖ) ഒരു വര്‍ഷത്തേക്ക് പുതുക്കുമ്പോഴാണു ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നത് എന്നതിനാല്‍ വര്‍ദ്ധിപ്പിച്ച ലെവി ഒരു വര്‍ഷത്തേക്ക് ഒന്നിച്ചാണു അടക്കേണ്ടി വരിക.

ഇതു പ്രകാരം ഒരു കുടുംബാംഗത്തിനു മാത്രം 2017ല്‍ 1200 റിയാല്‍ അധിക ബാദ്ധ്യത കുടുംബ നാഥന്‍ വഹിക്കേണ്ടി വരും. ഈ അധിക ചെലവ് 2018 ല്‍ 2400 റിയാലായും 2019 ല്‍ 3600 ഉം 2020 ല്‍ 4800 റിയാലുമായി കുത്തനെ ഉയരുകയും ചെയ്യും. അതിനാല്‍ പുതിയ ലെവിയെ പ്രവാസി സമൂഹം ആശങ്കയോടെയാണു നോക്കിക്കാണുന്നത്.നിരവധി കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.

ജൂലൈയില്‍ പുതിയ ഫീസ് പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസി കുടുംബങ്ങളുടെ വന്‍ ഒഴിഞ്ഞ് പോക്കായിരിക്കും സംഭവിക്കുകയെന്ന് ഉറപ്പാണ്. നേരത്തെ എത്ര കാലത്തേക്ക് രാജ്യത്ത് നിന്ന് പുറത്ത് പോയാലും റി എന്‍ ട്രി ഫീസ് 200 റിയാല്‍ ആയിരുന്നത് ഉയര്‍ത്തി 2 മാസത്തിനു മുകളിലുള്ള ഓരോ മാസത്തിനും 200 റിയാലിനു പുറമേ 100 റിയാല്‍ അധികം നല്‍കണമെന്ന നിയമം വന്നപ്പോഴും നിരവധി കുടുംബാംഗങ്ങള്‍ ഗള്‍ഫ് ജീവിതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

പെട്രോളിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായും സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും വിവിധ തരത്തിലുള്ള ഫീസ് വര്‍ദ്ധനവ് നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 2018 ജനുവരി മുതല്‍ 50 ശതമാനം സൗദിവത്ക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങളും ഓരോ വിദേശിക്കും ലെവി അടക്കേണ്ടതുണ്ട്.സൗദി തൊഴിലാളികളുടെ അനുപാതം വിദേശികളേക്കാള്‍ കുറവുള്ള സ്ഥാപനങ്ങള്‍ 2018 ല്‍ ഓരോ വിദേശിക്കും വര്‍ഷത്തില്‍ 4800 റിയാല്‍ അധിക ഫീസ് അടക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.