1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2017

സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ പരിഷ്‌കരിച്ച നിതാഖാത്ത് അടുത്ത മാസം 3 മുതല്‍, ചെറുകിട സ്ഥാപനങ്ങളിലേക്കും നിതാഖാത്ത് വ്യാപിപ്പിക്കുമെന്ന് സൂചന. തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ചെറുകിട സ്ഥാപനങ്ങളില്‍ നിതാഖാത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അധികൃതര്‍ നടത്തുന്നുണ്ട്. സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിലവില്‍ നിതാഖാത്ത് ബാധകമല്ല.

എന്നാല്‍ അഞ്ചിനും ഒമ്പതിനും ഇടയില്‍ വിദേശതൊഴിലാളികളുള്ള സ്ഥാപനങ്ങളെ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി രണ്ട് വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. ഇതുപ്രകാരം നിശ്ചിത എണ്ണത്തില്‍ കൂടുതലുളള ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ നിതാഖാത്തില്‍ ഉള്‍പ്പെടുത്തും.

എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം നാല് ജീവനക്കാര്‍ വരെയുളള സ്ഥാപനങ്ങള്‍ക്ക് നിതാഖാത്ത് ബാധകമാക്കില്ല. നിലവില്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമാണ് നിതാഖാത്ത് ബാധകം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുന്നതിനാണ് പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.

ഓരോ സ്ഥാപനത്തിലുമുളള സ്വദേശികളുടെ എണ്ണം, സ്വദേശികളുടെ വേതനം, വനിതാ ജീവനക്കാരുടെ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോയിന്റുകള്‍ നല്‍കുന്ന രീതിയാണ് പരിഷ്‌കരിച്ച നിതാഖാത്തില്‍ നടപ്പിലാക്കുന്നത്. കൂടുതല്‍ പോയിന്റ് നേടുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിനു കീഴിലുളള മാനവശേഷി വികസന നിധിയുടെ സഹായം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.