1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2020

സ്വന്തം ലേഖകൻ: കോവിഡ്–19 പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവച്ച ടൂറിസ്റ്റ് വീസകൾ 2021 ന്റെ തുടക്കത്തിൽ പുനരാരംഭിക്കുമെന്ന് സൌദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. എണ്ണയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി വിഷൻ 2030 അവതരിപ്പിക്കുന്ന പ്രധാന മേഖല വിനോദസഞ്ചാരമാണ്.

ഇത് പ്രകാരം 2019 സെപ്റ്റംബറിൽ 49 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക് രാജ്യത്തിന്റെ കവാടം തുറന്ന് നൽകിയിരുന്നു, 2030 ഓടെ മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ 10ശതമാനം ഈ മേഖല സംഭാവന ചെയ്യുമെന്ന് കണക്ക് കൂട്ടുന്നതായും മന്ത്രി പറഞ്ഞു. കൊറോണ വ്യാപന സ്ഥിതി മെച്ചപ്പെടുകയോ വാക്സീനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നല്ല മുന്നേറ്റം ഉണ്ടാകുകയോ ചെയ്‌താൽ ടൂറിസം വീസ അനുവദിക്കുന്നത് വേഗത്തിലാകുമെന്നും അദ്ദേഹം അറിയിച്ചു.

ഫെബ്രുവരി അവസാനത്തോടെയാണ് രാജ്യം 25 രാജ്യങ്ങളിൽ നിന്നുള്ള വിദേശ തീർഥാടകർക്കും വിനോദ സഞ്ചാരികൾക്കും പ്രവേശിക്കാൻ കഴിയാത്ത വിധം അതിർത്തികൾ അടച്ചത്. മാർച്ചിൽ എല്ലാ രാജ്യാന്തര യാത്രകളും വിലക്കുകയും ചെയ്‌തു. ഇത് ടൂറിസം മേഖലയെ വല്ലാതെ ബാധിച്ചതായും വർഷാവസാനത്തോടെ 35-45 ശതമാനത്തിന്റെ ഇടിവ് പ്രതീക്ഷിക്കുന്നതായും മന്ത്രി ഖത്തീബ് പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾക്ക് വീണ്ടും അനുമതി നൽകിത്തുടങ്ങിയതായി സൌദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. അബ്ഷിർ ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ ലഭ്യമാകുക. മൂന്നു വിഭാഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇത്തരത്തിൽ രാജ്യാന്തര യാത്രക്കുള്ള അനുമതി നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി.

സർവീസ് പുനഃസ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് അനുമതി. യാത്രാവിലക്ക് നീക്കിയ ആദ്യ വിഭാഗത്തിൽ സൈനികർ, സിവിലിയർമാർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റു ഔദ്യോഗിക ദൗത്യ സംഘങ്ങൾ എന്നിവരാണ് ഉൾപ്പെടുക. വെർച്വൽ ആയി കൃത്യം നിർവഹിക്കാൻ കഴിയാത്തതോ നീട്ടിവെക്കാൻ കഴിയാത്തതു ആയ കൃത്യങ്ങൾക്ക് വേണ്ടി പോകുന്ന പരിമിത എണ്ണത്തിന് മാത്രമാണ് നിബന്ധനകൾക്ക് വിധേയമായി ഇങ്ങനെ യാത്രാനുമതി നൽകുക.

ആവശ്യം സൂചിപ്പിച്ച് കൊണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ പൂർണ വിവരങ്ങൾ, അവരുടെ ദൗത്യ സ്വഭാവം, സ്ഥലം, ദൈർഘ്യം എന്നിവയെല്ലാം കാണിച്ചിരിക്കണം. രാജ്യത്തിന് പുറത്ത് താമസിക്കുന്ന ജീവിത പങ്കാളി, രക്ഷിതാവ്, മക്കൾ ഇവരിൽ ആരെങ്കിലും മരിച്ചാൽ അവരെ സന്ദർശിക്കുന്നതിന് സ്വദേശികൾക്ക് രാജ്യാന്തര യാത്രാനുമതി ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.