1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2019

സ്വന്തം ലേഖകൻ: ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം നിഷേധിച്ച് സൗദി അധികൃതര്‍. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് തൊഴിലവസരം ഉറപ്പാക്കാന്‍ നിലവില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം തുടരുമെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും 30 ലക്ഷം റിയാല്‍ വരെ പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയാണ് സൗദിയില്‍ ലഭിക്കുക. ചില മേഖലകളില്‍ സ്വദേശിവത്കരണം പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചരണം നടന്ന സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്.

അതിനിടെ സ്വകാര്യ മേഖലയിലെ ഉന്നത പദവികളില്‍ സ്വദേശിവല്‍ക്കരണ തോത് 75 ശതമാനമായി ഉയര്‍ത്താനുള്ള കരട് നിര്‍ദ്ദേശത്തിന് സൗദി ശൂറാ കൗണ്‍സിൽ അംഗീകാരം നല്‍കി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നത്.

ശൂറാ കൗണ്‍സിലിനു കീഴിലുള്ള സാമൂഹ്യ കാര്യ, കുടുംബ യുവജന കമ്മിറ്റിയാണ് കരട് നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ എഴുപത്തിയഞ്ച് ശതമാനം തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി സംവരണം ചെയ്യുന്നതാണ് പുതിയ ഭേദഗതി. തൊഴില്‍ നിയമത്തിലെ ഇരുപത്തിയാറാം അനുഛേദത്തില്‍ ദേദഗതി വരുത്തിയാണ് പുതിയ നിര്‍ദ്ദേശം കൂട്ടിചേര്‍ത്തത്.

സ്ഥാപനത്തിലെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ അനുപാതം 75 ശതമാനത്തില്‍ കുറയാന്‍ പാടില്ല. സ്ഥാപനം നിര്‍ദ്ദേശിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാല്‍ താല്‍ക്കാലികമായി വിദേശിയെ നിയമിക്കാന്‍ അനുവാദം നല്‍കും. ഇത് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തോട് കൂടി മാത്രമായിരിക്കുമെന്നും പുതിയ നിയമം നിര്‍ദ്ദേശിക്കുന്നു.

ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഭേദഗതി, സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുക, അനുഗുണമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്. രണ്ടായിരത്തി മുപ്പതോടെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറക്കുന്നതിനാണ് പദ്ധതികളാവിഷ്‌കരിച്ചു വരുന്നത്. നിലവില്‍ പന്ത്രണ്ട് ശതമാനമാണ് സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.