1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2019

സ്വന്തം ലേഖകന്‍: ഡിങ്കിനി വേണ്ട; സീറ്റ് ബെല്‍റ്റിടുന്ന ലുട്ടാപ്പി മതി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി സേവ് ലുട്ടാപ്പി കാമ്പയിന്‍; ഏറ്റെടുത്ത് കേരള പോലീസും. ബാലരമയിലെ മായാവി ചിത്രക്കഥയില്‍ ഡിങ്കിനി എന്ന കഥാപാത്രത്തിന്റെ വരവാണ് എല്ലാത്തിനും കാരണം. ലുട്ടാപ്പിയെ ഒഴിവാക്കിയാണ് ഡിങ്കിനിയുടെ വരവെന്നും അതല്ല ലുട്ടാപ്പിയുടെ കാമുകയാണ് ഡിങ്കിനി എന്നും പലതരത്തിലുള്ള ഗോസിപ്പുകള്‍ നിമിഷ നേരം കൊണ്ട് വൈറലായി. സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗില്‍ ക്യാംപെയിനും ആരംഭിച്ചു.

അതേസമയം ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്ന് ബാലരമ പ്രതികരിച്ചു. ”അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികെയെത്തും. ലുട്ടാപ്പിയുടെ ഫാന്‍സ് പവര്‍ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം ബാലരമയില്‍ തുടങ്ങും.അതോടൊപ്പം ഡിങ്കിനിയുമായി ഒരു നേര്‍ക്കുനേര്‍ അഭിമുഖസംഭാഷണവും അടുത്ത ലക്കം പ്രതീക്ഷിക്കാം,” ബാലരമ വ്യക്തമാക്കി.

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള പോസ്റ്റില്‍ സേവ് ലുട്ടാപ്പി കാമ്പയില്‍ ഉള്‍പ്പെടുത്തി കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജും. സേവ് ലുട്ടാപ്പി ക്യാംപെയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ സാഹചര്യത്തിലാണ് പൊലീസിന്റെ ട്രോള്‍.

സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ചിത്രത്തിലെ പൊലീസ്. ഇത് കേട്ടപാടെ ഡിങ്കിനിയോട് കേരളം വിടാനാവശ്യപ്പെടുന്ന ലുട്ടാപ്പി. ഒപ്പം ലുട്ടാപ്പിയുടെ സീറ്റ് ബെല്‍റ്റായ വാലിന്റെ ചിത്രവും. സേവ് ലുട്ടാപ്പി എന്ന ഹാഷ് ടാഗിനൊപ്പമാണ് പൊലീസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യ–ന്യൂസീലന്‍ഡ് മൂന്നാം ട്വന്റി20 മല്‍സരത്തിനിടെ ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലും ലുട്ടാപ്പിക്ക് പിന്തുണയര്‍പ്പിച്ച് ബാനര്‍ ഉയര്‍ന്നു. നിതിന്‍ ചെറിയാന്‍, അഭിലാഷ് സെബാസ്റ്റ്യന്‍, അര്‍ജുന്‍ ബാലു, മിഥുന്‍ തോമസ്, അരവിന്ദ് പങ്കജ്, അബിന്‍ ഡേവിഡ് എന്നിവരടങ്ങിയ ആരാധക സംഘമാണ് ക്രിക്കറ്റ് മല്‍സരത്തിനിടയിലെ ‘സേവ് ലുട്ടാപ്പി’ കാംപെയിനു പിന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.