1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2016

സ്വന്തം ലേഖകന്‍: എസ്ബിടിയെ എസ്ബിഐ വിഴുങ്ങുന്നു, ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം ശക്തം. കേരളം ആസ്ഥാനമായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നടപടിക്കെതിരെ ബാങ്കിങ് മേഖലയില്‍ പ്രതിഷേധം ശക്തമായി. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.ടി എംപ്‌ളോയീസ് യൂനിയന്‍ വെള്ളിയാഴ്ച പണിമുടക്കും.

പണിമുടക്കില്‍ എസ്.ബി.ടിക്ക് പുറമേ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കനിര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ 45000 ത്തില്‍പരം ജീവനക്കാര്‍ പങ്കെടുക്കും. ഏകാധിപത്യ രീതിയില്‍ അസോസിയേറ്റ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകളിലെ ഭൂരിപക്ഷം ഉപയോഗിച്ച് ലയിപ്പിക്കാനുള്ള തീരുമാനം എസ്.ബി.ഐ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് എസ്.ബി.ടി എംപ്‌ളോയീസ് യൂനിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കായ എസ്.ബി.ടി ഏഴ് പതിറ്റാണ്ടായി രാജ്യ വ്യാപകമായി 1200 ഓളം ശാഖകളും ഒന്നര ലക്ഷം കോടി രൂപയിലധികം ബിസിനസും വഴി രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഒന്നാണ്. സംസ്ഥാനത്തെ ബാങ്കിങ് ഇടപാടുകളുടെ നാലിലൊന്നുഭാഗം എസ്.ബി.ടി കൈകാര്യം ചെയ്യുന്നു. ഏറ്റവും കൂടുതല്‍ കൃഷിചെറുകിട വ്യവസായവാണിജ്യവിദ്യാഭ്യാസ വായ്പകള്‍ നല്‍കിയതും എസ്.ബി.ടി.യാണ്.

ലയനം നടന്നാല്‍ ഒട്ടേറെ ശാഖകള്‍ അടച്ചു പൂട്ടുകയും ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഒരു പോലെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാല്‍ ബാങ്കുകളുടെ ലയനം കേന്ദ്ര നയങ്ങള്‍ക്ക് അനുസൃതമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകള്‍ പുനരുദ്ധരിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ദ്രധനുഷ് പദ്ധതിയിലെ ഏഴ് നിര്‍ദേശങ്ങളില്‍ ഒന്ന് ബാങ്കുകളുടെ ലയനമായിരുന്നു.

ഇത്തവണത്തെ ബജറ്റില്‍ ലയനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ ബാങ്കുകള്‍ ഏറെ വേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം, വന്‍കിട ധനകാര്യ സ്ഥാപനങ്ങളാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി. പൊതുമേഖലാ ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ലയനമാണ് പോംവഴിയെങ്കില്‍ അതിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.