1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2016

സ്വന്തം ലേഖകന്‍: കടല്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു, 2050 ഓടെ മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ അപകടത്തിലാകുമെന്ന് ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പ്. നഗരവത്കരണം മൂലം കടല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ഈ മഹാ നഗരങ്ങളില്‍ താമസിക്കുന്ന നാലു കോടി ഇന്ത്യക്കാര്‍ക്ക് ഭീഷണിയാകുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരദേശത്തോട് അടുത്തു കിടക്കുന്നതിനാല്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ജനങ്ങള്‍ 2050 ഓടെ അനന്തരഫലങ്ങള്‍ അനുഭവിക്കുമെന്നാണ് പ്രവചനം. കാലാവസ്ഥാമാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക പസഫിക് മേഖലയെയും തെക്ക്, തെക്കു കിഴക്കന്‍ ഏഷ്യയെയുമാണെന്ന് ദ ഗ്‌ളോബല്‍ എന്‍വയണ്‍മെന്റല്‍ ഔട്ട്‌ലുക്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഏഷ്യ പസഫിക് മേഖലയില്‍ ഇന്ത്യയെയാണ് സമുദ്രജലനിരപ്പ് ഉയരുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്ത്യയില്‍ നാലു കോടി ജനങ്ങള്‍ ദുരന്തമനുഭവിക്കുമ്പോള്‍ ബംഗ്‌ളാദേശില്‍ രണ്ടര കോടിയെയും ചൈനയില്‍ രണ്ടു കോടിയെയും ഫിലിപ്പീന്‍സില്‍ ഒന്നര കോടി ജനങ്ങളെയും ജലനിരപ്പ് ഉയരുന്നത് പ്രതിസന്ധിയിലാക്കും. കെട്ടിടനിര്‍മാണ രീതിയില്‍ വന്ന മാറ്റം, നഗരവത്കരണം, സാമൂഹികസാമ്പത്തിക അവസ്ഥയിലുണ്ടായ മാറ്റം എന്നിവയാണ് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമെന്ന് യു.എന്‍ വ്യക്തമാക്കുന്നു.

അശാസ്ത്രീയമായ കെട്ടിട നിര്‍മാണ രീതി ഇന്ത്യ, ചൈന, തായ് ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ തീരദേശ പരിസ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെനിയയിലെ നൈറോബിയില്‍ നടക്കാനിരിക്കുന്ന എന്‍വയണ്‍മെന്റ് അസംബ്‌ളിയുടെ ഭാഗമായാണ് യു.എന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.