1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2015

സ്വന്തം ലേഖകന്‍: ഓഹരി വിപണികള്‍ തകര്‍ന്ന് തരിപ്പണമായി, നിക്ഷേപകര്‍ക്ക് നഷ്ടമായത് ഏഴ് ലക്ഷം കോടി രൂപ. ആഗോള വിപണികളിലെ തകര്‍ച്ച നേരിടാനാവാതെയാണ് ഇന്ത്യന്‍ ഓഹരി വിപണിയും മുട്ടുകുത്തിയത്.

ബോംബെ സൂചിക സെന്‍സെക്‌സ് 1624 പോയിന്റ് ഇടിഞ്ഞ് 25,741 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2009 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 490 പോയിന്റ് ഇടിഞ്ഞ് 7809 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയല്‍റ്റി, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോ, മെറ്റല്‍, ഐ.ടി ഓഹരികളിലാണ് കൂടുതല്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടത്.

ആഗോള വിപണികളിലെ കനത്ത ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്. വ്യാപാര ആരംഭത്തില്‍ തന്നെ ബോംബെ സൂചിക ആയിരം പോയിന്റ് ഇടിഞ്ഞിരുന്നു. എന്നാല്‍, പിന്നീട് സൂചിക നഷ്ടം നികത്തുകയും തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്തു. അതിനിടെയുണ്ടായ വില്‍പന സമ്മര്‍ദ്ദം വീണ്ടും വിപണിക്ക് തിരിച്ചടിയായി.

ചൈനയുടെ ഓഹരി വിപണിയില്‍ ഒന്‍പത് ശതമാനം നഷ്ടമാണുണ്ടായത്. ഇത് ഏഷ്യന്‍ വിപണികളേയും ബാധിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതാണ് സമ്മര്‍ദ്ദമേറ്റിയത്.

ചൈന യുവാന്‍ മൂല്യം താഴ്ത്തിയതും ഓഹരി വിപണികളിലുണ്ടായ നഷ്ടവും ഇന്ത്യന്‍ രൂപയ്ക്കും തിരിച്ചടിയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 66.71ലെത്തി. 2013 സെപ്തംബര്‍ 5ന് ശേഷമുള്ള രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.