1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2016

സ്വന്തം ലേഖകന്‍: സൗദി അറേബ്യക്കെതിരെയുള്ള സെപ്റ്റംബര്‍ 11 ബില്‍ ഒബാമ വീറ്റോ ചെയ്തു, വീറ്റോ മറികടക്കുമെന്ന് സെനറ്റ്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് സൗദി അറേബ്യക്ക് എതിരേ കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന ബില്ലാണ് പ്രസിഡന്റിന്റെ പ്രധാന അധികാരം ഉപയോഗിച്ച് ഒബാമ വീറ്റോ ചെയ്തത്.

സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട 19 വിമാനറാഞ്ചികളില്‍ 15 പേരും സൗദി അറേബ്യക്കാരായിരുന്നു.എന്നാല്‍ ആക്രമണത്തില്‍ യാതൊരു പങ്കുമില്ലെന്നു സൗദി വ്യക്തമാക്കിയിട്ടുണ്ട്. ഡെമോക്രാറ്റ് സെനറ്റര്‍ ചക് ഷുമര്‍ തയാറാക്കിയ ബില്‍ സെനറ്റും ജനപ്രതിനിധിസഭയും അംഗീകരിച്ചശേഷമാണ് ഒബാമയ്ക്കു മുന്നിലെത്തിയത്.

ഒബാമ വീറ്റോ ചെയ്‌തെങ്കിലും യുഎസ് കോണ്‍ഗ്രസിന് വീറ്റോ റദ്ദാക്കാന്‍ സാധിക്കും. സെനറ്റിലും പ്രതിനിധിസഭയിലും മൂന്നില്‍രണ്ടു ഭൂരിപക്ഷം പേര്‍ വീറ്റോയ്ക്ക് എതിരേ വോട്ടു ചെയ്താല്‍ മതി. രണ്ടിടത്തും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ളതിനാല്‍ ഇതിനുള്ള സാധ്യത ഏറെയാണ്. വീറ്റോയെ മറികടക്കാന്‍ സാധിക്കുമെന്നു തന്നെയാണു താന്‍ കരുതുന്നതെന്നു പ്രതിധിനി സഭാ സ്പീക്കര്‍ പോള്‍ റയന്‍ വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാല്‍ ഒബാമ ഭരണകൂടത്തിന് വന്‍തിരിച്ചടിയാവും.

നിയമനടപടികളില്‍നിന്നുള്ള പരിരക്ഷയില്‍നിന്നു വിദേശരാജ്യത്തെ ഒഴിവാക്കുന്ന ജസ്റ്റീസ് എഗനിസ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം ആക്ട് യുഎസിന്റെ താത്പര്യങ്ങള്‍ക്കു ഹാനികരമായതിനാലാണു വീറ്റോ ചെയ്യുന്നതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. ഭീകരത സംബന്ധിച്ച നയ പ്രശ്‌നങ്ങള്‍ ഭരണകൂട ഉദ്യോഗസ്ഥരില്‍നിന്നു കോടതിയുടെ കൈകളിലേക്കു വരുന്നതിന് ഇതിടയാക്കും. യുഎസ് നയതന്ത്രപ്രതിനിധികള്‍, സൈനികര്‍, ബിസിനസുകാര്‍ എന്നിവര്‍ക്ക് എതിരേ മറ്റു രാജ്യക്കാരും ഇതേ നിയമത്തിന്റെ ചുവടുപിടിച്ച് നിയമനടപടികള്‍ക്കു മുതിര്‍ന്നേക്കാമെന്ന അപകടമുണ്ട്.

നേരത്തെ ഈ ബില്‍ പാസാക്കുന്നതിനെതിരേ സൗദി മുന്നറിയിപ്പു നല്‍കിയിരുന്നു. യൂറോപ്യന്‍ യൂണിയനും ഗള്‍ഫ് രാജ്യങ്ങളും ബില്ലിനെതിരേ രംഗത്തെത്തുകയുണ്ടായി. പ്രമുഖ അമേരിക്കന്‍ ബിസിനസ് കോര്‍പ്പറേറ്റുകളായ ജനറല്‍ ഇലക്ട്രിക്കല്‍സ്, ഡൗ കെമിക്കല്‍ തുടങ്ങിയവയും ബില്‍ പാസാക്കുന്നതിന് എതിരായി പ്രചാരണം നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.