1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2016

സ്വന്തം ലേഖകന്‍: ബിന്‍ ലാദന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുള്ള ആശയം ലഭിച്ചത് ഈജിപ്ഷ്യന്‍ വിമാന അപകടത്തില്‍ നിന്ന്? 1999 ല്‍ ഒരു ഈജിപ്ഷ്യന്‍ വിമാനം പൈലറ്റ് മനപൂര്‍വം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ താഴ്ത്തിയ സംഭവത്തില്‍ നിന്നാണ് ലാദന്‍ 9/11 ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഭീകര സംഘടനയായ അല്‍ ഖൊയ്ദ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ ഖൊയ്ദയുടെ മുഖമാസികയായ അല്‍ മസ്‌റയില്‍ ‘സെപ്റ്റംബര്‍ 11 അറ്റാക്ക്‌സ് ദ സ്‌റ്റോറി അണ്‍ടോള്‍ഡ്’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍.

ലോസ് ഏഞ്ചല്‍സില്‍ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രാമദ്ധ്യേ ഈജിപ്റ്റ് എയറിന്റെ വിമാനം ഈജിപ്റ്റുകാരനായ സഹപൈലറ്റ് ഗാമില്‍ അല്‍ബടൗടി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇടിച്ചിറക്കുകയായിരുന്നു. സംഭവത്തില്‍ നൂറ് അമേരിക്കക്കാരടക്കം 217 പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലാദന്‍ സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണം ആസൂത്രണം ചെയ്തത്.

ഈജിപ്ഷ്യന്‍ വിമാന ദുരന്തം അറിഞ്ഞയുടന്‍, ആ പൈലറ്റ് എന്തുകൊണ്ട് വിമാനം സമീപത്തെ കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റില്ല എന്നായിരുന്നു ലാദന്റെ ആദ്യ പ്രതികരണമെന്നും മാസിക വെളിപ്പെടുത്തുന്നു. അന്ന് തന്നെ വിമാനം ഇടിച്ചിറക്കിയുള്ള ആക്രമണത്തിനുള്ള ആശയം ലാസന്റെ മനസില്‍ രൂപപ്പെട്ടിരുന്നതായി മാസിക വ്യക്തമാക്കി.

അതേസമയം ഈജിപ്ഷ്യന്‍ വിമാന ദുരന്തത്തിന് തീവ്രവാദ ബന്ധമില്ല. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിമാനം കടലിലേക്ക് ഇറക്കി പൈലറ്റ് ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2001 ലാണ് അല്‍ ഖൊയ്ദ അമേരിക്കയെ നടുക്കിയ രണ്ട് ആക്രമണങ്ങള്‍ നടത്തിയത്. സംഭവത്തില്‍ 19 അല്‍ ഖൊയ്ദ ഭീകരര്‍ അടക്കം 2996 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.