1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2016

സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാനെ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചു, അനിഷ്ടം വ്യക്തമാക്കി കിംഗ് ഖാന്‍. ഏഴു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഷാരൂഖിനെ സുരക്ഷാ കാരണങ്ങളാല്‍ തടഞ്ഞുവക്കുന്നത്. സംഭവത്തിലുള്ള പ്രതിഷേധം ഷാരൂഖ് നേരിട്ട് അധികൃതരെ അറിയിക്കുകയും ചെയ്തു.

സുരക്ഷയെക്കുറിച്ചുള്ള ലോകരാജ്യങ്ങളുടെ ആശങ്കകളും സുരക്ഷാ നടപടികളും ബഹുമാനിക്കുന്ന വ്യക്തിയാണു താന്‍. എന്നാല്‍, അമേരിക്കന്‍ വിമാനത്താവള അധികൃതര്‍ തുടര്‍ച്ചയായി തന്നെ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. ചില പോക്‌മോനുകള്‍ തന്നെ പിടികൂടിയെന്ന് പോക്‌മോന്‍ ഗെയിമിനെ പരോക്ഷമായി സൂചിപ്പിച്ച് ഷാരൂഖ് മറ്റൊരു ട്വീറ്റും ചെയ്തു.

സംഭവമറിഞ്ഞയുടന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി നിഷ ബിസ്വാള്‍ ക്ഷമാപണം നടത്തി. വിമാനത്താവളത്തിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും അമേരിക്കയിലെ നയതന്ത്ര ഉദ്യോഗസ്ഥരെയും വിമാനത്താവളത്തില്‍ കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കാറുണ്ടെന്നും നിഷ പറഞ്ഞു.

സംഭവത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മയും ക്ഷമാപണം നടത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ നടപടിയെടുത്തുവരികയാണെന്നും താങ്കള്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പ്രചോദനമാണെന്നും റിച്ചാര്‍ഡ് വര്‍മ ട്വീറ്ററിലൂടെ അറിയിച്ചു.

2012 ഏപ്രിലില്‍ ന്യൂയോര്‍ക്കിനു സമീപമുള്ള വൈറ്റ് പ്ലെയിന്‍സ് എയര്‍പോര്‍ട്ടിലും സമാനമായ സംഭവമുണ്ടായിരുന്നു. പരിശോധനകള്‍ക്കു ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അന്ന് ഷാരൂഖിനെ അധികൃതര്‍ വിട്ടയച്ചത്. യേല്‍ യൂണിവേഴ്‌സിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖിനൊപ്പമുണ്ടായിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പത്‌നി നിത അംബാനി ഉള്‍പ്പെടെയുള്ളവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കിയിരുന്നു. 2009 ല്‍ ന്യൂജേഴ്‌സിയിലെ നുഅര്‍ക് വിമാനത്താവളത്തിലും കിംഗ് ഖാനെ രണ്ടു മണിക്കൂര്‍ തടഞ്ഞുവച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.