1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2016

സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് വിലക്കുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി, മഹാരാഷ്ട്രയില്‍ ആയിരത്തോളം സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുള്ള മഹാരാഷ്ര്ടയിലെ ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ ബലമായി പ്രവേശിക്കാനുള്ള വനിതാ സംഘടനകളുടെ ശ്രമം പോലീസും പ്രദേശവാസികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് തടഞ്ഞതാണ് അറസ്റ്റില്‍ കലാശിച്ചത്.

ക്ഷേത്രത്തില്‍ കയറി പൂജയില്‍ പങ്കെടുക്കുമെന്നും, വേണ്ടിവന്നാല്‍ ഇതിനായി വിമാന മാര്‍ഗം ക്ഷേത്രത്തില്‍ ഇറങ്ങുമെന്നുമായിരുന്നു ഭൂമാതാ റാണരാഗിണി ബ്രിഗേഡ് (ബി.ആര്‍.ബി) എന്ന വനിതാ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായ പ്രതികരണമാണ് ഇതുവഴി സംഘടന ലക്ഷ്യമിട്ടത്.

പ്രഖ്യാപനം വന്നതിന് പിന്നാലെ ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും പ്രതിരോധവുമായി രംഗത്തെത്തി. സ്ത്രീകള്‍ എത്തുന്നതും കാത്ത് 3,000ഓളം വരുന്ന ജനക്കൂട്ടമാണ് ക്ഷേത്രത്തിന് സമീപം പ്രതിഷേധ സൂചകമായി നിലയുറപ്പിച്ചത്. പ്രഖ്യാപിച്ചിരുന്നതുപോലെ നിരവധി വാഹനങ്ങളിലായി ആയിരത്തോളം സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് എത്തിയതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തു.

ഇതോടെ വന്‍ പോലീസ് സംഘമെത്തി സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ചുറ്റു മതിലോ മേല്‍ക്കൂരയോ ഇല്ലാത്ത ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്വയം പൊങ്ങി വന്നതെന്ന് വിശ്വസിക്കപ്പെടുന്ന ശിലയാണ് ആരാധനാ മൂര്‍ത്തി. ശനിദേവന്റെ അവതാരമാണ് ഈ ശിലയെന്ന് വിശ്വസിക്കപ്പെടുന്നു. വര്‍ഷങ്ങളായി ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.