1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2017

സ്വന്തം ലേഖകന്‍: ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യക്കാരെ മോചിപ്പിക്കും, ഫാമിലി വിസ നടപടികള്‍ എളുപ്പമാക്കുന്നതൂം പ്രവാസികള്‍ക്ക് നികുതിയിളവും പരിഗണണയില്‍, സുപ്രധാന പ്രഖ്യാപനങ്ങളുമായി ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, ഇത് കേരളവും ഷാര്‍ജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സുവര്‍ണ മുഹൂര്‍ത്തമെന്ന് പിണറായി വിജയന്‍. ഷാര്‍ജയിലെ ജയിലുകളില്‍ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെയാണ് മോചിപ്പിക്കുകയെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവരെ മോചിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോചിപ്പിക്കപ്പെടുന്നവര്‍ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ തടസമുണ്ടാകില്ലെന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം ഏറ്റുവാങ്ങിയ ഷാര്‍ജ ഭരണാധികാരി, കേരളത്തിന്റെ നിര്‍ദേശങ്ങളും പദ്ധതികളും അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അറിയിച്ചു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ പി സദാശിവമാണ് ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം സമ്മാനിച്ചത്.

മലയാളികളായ പ്രവാസികള്‍ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കുന്നതും നികുതികളില്‍ ഇളവ് നല്‍കുന്നതും പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍ത്തന്നെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്വത്തില്‍ അംഗീകരിച്ചു. യു.എ.ഇ. നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.

തന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുളള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുളള തന്റെ ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുളള ഉദ്ദേശ്യവും മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും. ശൈഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുളള നന്ദി സൂചകമായി തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞദിവസം രാജ്ഭവനിലെത്തിയ ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഏഴിന പദ്ധതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ഷാര്‍ജയില്‍ മലയാളികള്‍ക്കായി ഫാമിലി സിറ്റി, സാംസ്‌കാരിക കേന്ദ്രം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന പദ്ധതികളാണ് കേരളം നിര്‍ദേശിച്ചത്. കേരളവും ഷാര്‍ജയും അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതമായ കര്‍മ പദ്ധതി തയ്യാറാക്കുന്നതിന് ഇരു ഭാഗത്തിനും പ്രാതിനിധ്യമുളള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെയും ഷാര്‍ജയിലെയും ജനങ്ങളുടെ താല്‍പര്യത്തിന് വേണ്ടി പരസ്പര ബന്ധം ശക്തിപ്പെടുത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചതായും, ശൈഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതയ്ക്ക് ലഭിച്ച വലിയ ആദരവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തിയ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.