1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2017

സ്വന്തം ലേഖകന്‍: ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന് ഞായറാഴ്ച തുടക്കം, യുഎഇ, കേരള ബന്ധത്തില്‍ പുതിയ അധ്യായമെന്ന് യു.എ.ഇ അംബാസഡര്‍. കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കാന്‍ കേരളം നടത്തുന്ന ഒരുക്കങ്ങളില്‍ അംബാസഡര്‍ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു.

ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സന്ദര്‍ശനം യു.എ.ഇഇന്ത്യ ബന്ധം പൊതുവിലും യു.എ.ഇകേരള ബന്ധം പ്രത്യേകിച്ചും ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. അവരില്‍ ഭൂരിഭാഗവും കേരളീയരാണ്. കേരളവുമായി യു.എ.ഇക്ക് നൂറ്റാണ്ടുകളായി ബന്ധമുണ്ട്. ഇന്ത്യയുമായുളള അറബ് നാടുകളുടെ വാണിജ്യബന്ധം തുടങ്ങുന്നതുതന്നെ കേരളത്തില്‍നിന്നാണ്. കേരളവുമായി യു.എ.ഇക്കുളള അടുപ്പത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ആരംഭിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് 24ന് ഞായറാഴ്ചയാണ് ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്ത് എത്തുന്നത്. 25, 26 തീയതികളില്‍ അദ്ദേഹം തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 27ന് കൊച്ചിയിലെ പരിപാടിക്കു ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തും. 28ന് തിരുവനന്തപുരത്തു നിന്നാണ് അദ്ദേഹം ഷാര്‍ജക്ക് തിരിച്ചുപോകുന്നത്. കേരളം സന്ദര്‍ശിക്കാനുളള ക്ഷണം സ്വീകരിച്ചതിനും കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് സ്വീകരിക്കാന്‍ സമ്മതിച്ചതിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

ഡോ. ഷേക്ക് സുല്‍ത്താനെ സ്വീകരിക്കാന്‍ കേരളം കാത്തിരിക്കുകയാണ്.
യു.എ.ഇയുമായി കേരളത്തിന് അത്രയും അടുത്ത ബന്ധമുണ്ട്. ഷാര്‍ജയാകട്ടെ, കേരളീയരുടെ രണ്ടാമത്തെ വീടാണ്. കഴിഞ്ഞ വര്‍ഷം തന്റെ നേതൃത്വത്തില്‍ കേരളപ്രതിനിധികള്‍ ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ സുല്‍ത്താന്‍ ഹൃദയവായ്‌പ്പോടെയാണ് സ്വീകരിച്ചത്. കേരളത്തോടുളള മമതയാണ് ആ സ്വീകരണത്തില്‍ ഞങ്ങള്‍ ദര്‍ശിച്ചത്. ഷാര്‍ജ ഭരണാധികാരിയുടെ വിനയവും എളിമയും കേരളാസംഘത്തെ ശരിക്കും നമ്രശിരസ്‌കരാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്‌കാരികവിദ്യാഭ്യാസ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഷാര്‍ജക്കും കേരളത്തിനും ഒന്നിച്ചുനീങ്ങാവുന്ന ഒരുപാട് മേഖലകളുണ്ട്. അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഷേക്ക് സുല്‍ത്താന്റെ സന്ദര്‍ശനം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളവുമായുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് അംബാസഡര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.