1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2017

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ മലയാളികളായ വളത്തച്ഛനേയും വളര്‍ത്തമ്മയേയും പ്രതിരോധത്തിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഒക്ടോബര്‍ എഴിനു രാവിലെ ഷെറിന്റെ മുറിയില്‍ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്‌ലിയെ സിനി കണ്ടതായും രാവിലെ അഞ്ച് മണിയോടെയാണ് ഷെറിനെ കാണാതായതെന്നുമാണ് ദമ്പതികളായ വെസ്‌ലിയുടേയും സിനിയുടേയും മൊഴി.

എന്നാല്‍ അന്നേ ദിവസം എട്ട് മണിയോടെയാണ് കുഞ്ഞിനു വേണ്ടി തിരച്ചില്‍ ആരംഭിച്ചതെന്ന സാക്ഷി മൊഴി ഇരുവരെയും പ്രതിരോധത്തിലാക്കിയിരുന്നു. ഒക്ടോബര്‍ എഴിനു രാവിലെ വെസ്‌ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയില്‍ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഷെറിന്റെ കൈകാലുകളിലെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്റെ സംരക്ഷണയിലായിരുന്ന സഹോദരിയെ കഴിഞ്ഞ ദിവസമാണ് ഹൂസ്റ്റണിലുള്ള ബന്ധുവിന്റെ സംരക്ഷണയില്‍ വിട്ടത്. കുട്ടിയുടെ സംരക്ഷണ അവകാശം ആവശ്യപ്പെട്ട് വെസ്‌ലി മാത്യുവും സിനിയും കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ ദമ്പതികള്‍ക്ക് വിട്ടുകിട്ടുന്നതിനു വേണ്ടി ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസ് സഹായങ്ങള്‍ ചെയ്തു നല്‍കേണ്ടതില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

ഒക്ടോബര്‍ ഏഴിനാണ് വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. 22 ന് ഒരു കിലോമീറ്റര്‍ ദൂരെ കലുങ്കിനടിയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു.പാലു കുടിക്കാത്തതിന് പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു വെസ്‌ലിയുടെ ആദ്യ മൊഴി. ഷെറിന്‍ മരിച്ചത് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണെന്ന് പിന്നീട് വെസ്‌ലി സമ്മതിച്ചു. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെസ്‌ലിയെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.