1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2015

സ്വന്തം ലേഖകന്‍: ശിവസേന അതിക്രമം വീണ്ടും, പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശനം കരിഓയില്‍ ഒഴിച്ച് അലങ്കോലപ്പെടുത്തി, വെല്ലുവിളിച്ച് സംഘാടകരുടെ പുസ്തക പ്രകാശനം. പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ച ഒ ആര്‍ എഫ് ചെയര്‍മാന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയെയാണ് ശിവസേന പ്രവര്‍ത്തകര്‍ കരിഓയിലില്‍ കുളിപ്പിച്ചത്.

നേരത്തെ പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് പിന്മാറണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘാടകരായ ഒബ്‌സേര്‍വര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒ ആര്‍ എഫ്) ഭാരവാഹികള്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കുല്‍ക്കര്‍ണിയുടെ ദേഹത്ത് ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. കുല്‍ക്കര്‍ണിയുടെ വസതിക്ക് പുറത്തുവെച്ചാണ് സംഭവം.

എന്നാല്‍ ശിവസേനയെ വെല്ലുവിളിച്ച് മുംബൈ നെഹ്‌റു സെന്ററില്‍ പുസ്തകം പ്രകാശനം ചെയ്തു. കരിഓയില്‍ കഴുകി കളയാതെയായിരുന്നു സുധീന്ദ്ര കുല്‍ക്കര്‍ണി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. കസൂരിയുടെ ‘നൈദര്‍ എ ഹോക്ക് നോര്‍ എ ഡവ് ആന്‍ ഇന്‍സൈഡേര്‍സ് അക്കൗണ്ട് ഓഫ് പാക്കിസ്ഥാന്‍സ് ഫോറിന്‍ പോളിസി’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.

തനിക്ക് നേരെ നടന്ന അക്രമണത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ച സുധീന്ദ്ര കുല്‍ക്കര്‍ണി ശിവസേനയുടെ തെമ്മാടിത്തത്തെ ശക്തമായി വിമര്‍ശിച്ചു. താന്‍ വസ്തുതകളെയും സംഭവങ്ങളെയും വളച്ചൊടിച്ചിട്ടില്ലെന്ന് പ്രകാശന ചടങ്ങില്‍ കസൂരി പറഞ്ഞു. എല്‍ കെ അഡ്വാനി, മന്‍മോഹന്‍ സിംഗ്, നട്‌വര്‍ സിംഗ്, യശ്വന്ത് സിംഗ് എന്നിവര്‍ക്ക് പുസ്തകം അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ പ്രതിഷേധം ഗൗനിക്കുന്നില്ല. മുംബൈ തനിക്ക് പ്രിയപ്പെട്ട നഗരമാണ്. ഇന്ത്യയും പാക്കിസ്ഥാനുമായുമുള്ള നയതന്ത്ര ബന്ധമാണ് തന്റെ പുസ്തകത്തില്‍ പറയുന്നതെന്നും കസൂരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.