1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2017

സ്വന്തം ലേഖകന്‍: ഭര്‍ത്താവിനെയും മകളെയും കൊന്ന ശേഷം കാമുകന്‍ ചോദിച്ചു, മകനേയും കൊല്ലട്ടേ? ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച മറുപടിയുമായി കാമുകിയും അമ്മയുമായ സ്ത്രീ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥലമായ ഗോരഖ്പൂരിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്. കാന്റ ബിഷന്‍പൂര്വ ഏരിയയില്‍ താമസക്കാര നായ വിവേക് പ്രതാപ് സിങ്ങിനെയും ( 35 ), മകളെയുമാണ് ( 8 ) ഭാര്യ സുഷമാ സിങ്ങും കാമുകന്‍ ഡബ്‌ള്യൂ സിങ്ങും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഈ രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ഇവരുടെ മകന്‍ ആരുഷ് (6 ) നെ കടന്നുപിടിച്ചുകൊണ്ട് ഡബ്‌ള്യു സിംഗ് സുഷമയോട് ചോദിച്ചു, ‘ഇവനെയും കൊല്ലട്ടെ?’ സുഷമ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു, ‘വേണ്ട ഇത് നിന്റെ മകനാണ്.’ അത് കേട്ടതോടെ മൂന്നാമത്തെ കൊല നടത്തുന്നതില്‍ നിന്ന് അയാള്‍ പിന്തിരിയുകയായിരുന്നു. രണ്ടുപേര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു ഈ സാഹസമെല്ലാം. സുഷമയുടെ വിവാഹത്തിന് മുന്‍പ് മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു ഇരുവരും തമ്മില്‍. കഴിഞ്ഞ 12 വര്‍ഷമായി ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരം നോക്കി ഡബ്ല്യൂ സിംഗ് ദമ്പതികളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.

എന്നാല്‍ ഇത് ഭര്‍ത്താവിന്റെ ചെവിയിലെത്തിയതോടെയാണ് രണ്ടാളും രഹസ്യമായി കൊല ആസൂത്രണം ചെയ്തത്. ആറ് വയസ്സുകാരന്‍ ആരുഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ടു പൊട്ടിക്കരഞ്ഞ ആരുഷ് ഈ കൊലചെയ്തത് ഡബ്‌ള്യു സിംഗ് ആണെന്നും, അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞതെന്നും മൊഴി നല്‍കി. ഈ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

കൊലനടന്ന ദിവസം അര്‍ധരാത്രി ഡബ്ല്യൂ സിങ്ങും മറ്റു രണ്ടുപേരും വാതിലില്‍ മുട്ടി. സുഷമായാണ് വാതില്‍ തുറന്നത്. അവര്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന വിവേകിനേയും മകളെയും കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.പിടഞ്ഞുമാറി രക്ഷപെടാന്‍ ശ്രമിച്ച വിവേകിനെ ഒരാള്‍ ഇഷ്ടികകൊണ്ട് തലക്കടിച്ചതിനാല്‍ തലപൊട്ടി മുറിവില്‍ക്കൂടി തറയിലാകെ രക്ത പ്രളയമായി.

എന്നാല്‍ പെണ്‍കുട്ടി ഒന്ന് പിടയുകപോലും ചെയ്തില്ലെന്ന് ഡബ്ല്യൂ സിങ് തന്റെ മൊഴിയില്‍പ്പറഞ്ഞു. കൊലക്കു ശേഷം ഇരുവരുടെയും മൃതദേഹം പുറത്തുകൊണ്ടു പോയി റോഡരുകില്‍ തള്ളുകയായിരുന്നു. വാഹനമിടിച്ചു കൊല്ലപ്പെട്ടു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. തറയില്‍ വീണ ഭര്‍ത്താവിന്റെ രക്തം തെളിവുനശിപ്പിക്കാനായി തുടച്ചു മാറ്റിയത് സുഷമയായിരുന്നു.

ഈ കൃത്യം നടക്കുന്ന സമയത്തു വിവേകിന്റെ അച്ഛനും ഇളയച്ഛനും അവരുടെ ഭാര്യമാരും മുകളിലത്തെ നിലയില്‍ ഉറക്കമായിരുന്നു. ഡബ്‌ള്യു സിംഗ് അറിയപ്പെടുന്ന ഒരു കുറ്റവാളിയാണെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഒരു മാസം മുന്‍പാണ് ഒരു കൊലക്കേസില്‍ ജാമ്യം ലഭിച്ചു ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.