1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2017

സ്വന്തം ലേഖകന്‍: പാരീസില്‍ പോലീസുകാര്‍ക്കു നേരെ വെടിവെപ്പ്, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു, പോലീസ് അക്രമിയെ വെടിവെച്ചു വീഴ്ത്തി, സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.സെന്‍ട്രല്‍ പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയിലാണ് ആക്രമണം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

പൊലീസ് ബസിനു നേരെ അക്രമി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന പൊലീസുകാരില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അതിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു വീഴ്ത്തി.

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവം. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വിവരങ്ങള്‍ അന്വേഷണ ആവശ്യര്‍ഥം പുറത്തുവിടുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ച പൊലീസ് ഉദ്യോഗസ്ഥനോടുള്ള ആദര സൂചകമായി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ പോരാളിയാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അറിയിച്ചു. ഐഎസിന്റെ ന്യൂസ് ഏജന്‍സിയായ അമാഖ് വഴിയാണ് സന്ദേശം പുറത്തുവിട്ടത്. അക്രമി അബു യുസഫ് അല്‍ ബല്‍ജികി ആണെന്നും
അമഖ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകരാക്രമണമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലന്ദ്വ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജനങ്ങളോട് പ്രദേശം ഒഴിയാന്‍ പാരീസ് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഹെലികോപ്റ്റര്‍ നിരീക്ഷണം ശക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.