1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2015

പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ജയിലുകള്‍ക്ക് ബാധകമല്ലെന്ന നിയമ സെക്രട്ടറിയുടെ വാദങ്ങള്‍ ഹൈക്കോടതി ജഡ്ജി തള്ളിക്കളഞ്ഞു. അതേസമയം ജയിലില്‍ കഴിയുന്ന പത്തില്‍ ഒമ്പത് പേരെയും ബാധിക്കുന്ന കാര്യമായതിനാല്‍ നിയമ സെക്രട്ടറി ക്രിസ് ഗ്രെയ്‌ലിംഗിന് അപ്പീല്‍ നല്‍കാനുള്ള സമയം ജഡ്ജി അനുവദിച്ചു നല്‍കി. നിയമം നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റി വെയ്ക്കുകയാണെന്നും എന്നാല്‍ അധികകാലത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റീസ് സിംഗ് വ്യക്തമാക്കി.

ജയിലില്‍ പുകവലി നിരോധിക്കുന്നത് ജയില്‍പുള്ളികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് യുകഐപി നേതാവ് പോള്‍ നുട്ടാല്‍ പറഞ്ഞു. ജയില്‍ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ആളൊന്നുമല്ല ഞാന്‍. എങ്കിലും പറയട്ടെ, സിഗരറ്റ് വേണമെന്ന് തോന്നുമ്പോള്‍ പോയി വാങ്ങിക്കാന്‍ ജയിലിനുള്ളിലായിരിക്കുമ്പോള്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് എനിക്ക് തോന്നുന്നു ജയിലിനുള്ളിലെ പുകവലി അനുവദിക്കേണ്ടതാണെന്ന്.

ജയിലെന്ന പിരിമുറുക്കം നിറഞ്ഞ സ്ഥലത്ത് പിരിമുറുക്കം കുറയ്ക്കാനുള്ള മാര്‍ഗമാണ് പുകവലിയെന്ന് മുന്‍തടവുകാരനും പ്രിസണ്‍ ക്യാംപെയ്‌നറുമായ ബെന്‍ ഗണ്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ നല്ല കാര്യമാണെന്ന് തോന്നിയാലും അതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പിരിമുറുക്കം കൂടി നിരാശയിലാകുമ്പോള്‍ അത് ഒരുപക്ഷേ കലാപങ്ങളിലേക്ക് പോലും വഴിവെച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലാന്‍സഷയറിലെ വ്യോമോട്ട് ജയിലില്‍ കഴിയുന്ന പോള്‍ ബ്ലാക്കാണ് പുകവലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പുകവലിക്കാത്ത തനിക്ക് പാസില് സ്‌മോക്കിംഗ് മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നായിരുന്നു ഇയാളുടെ പരാതി.

ജയിലിലെ ചട്ടങ്ങള്‍ പ്രകാരം തുറന്ന പ്രദേശങ്ങളില്‍ പുകവലി പാടില്ല, അടച്ചിട്ട സെല്ലില്‍ മാത്രമെ പുകവലിക്കാന്‍ പാടുള്ളു. ഇതും നിരോധിക്കണമെന്നാണ് പോള്‍ ബ്ലാക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.