1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2017

സ്വന്തം ലേഖകന്‍: കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തി സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍, ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ അഴിമതിക്കും മാനഭംഗത്തിനും കേസെടുക്കും. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാറിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി, മുന്‍ കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥന്‍, മുന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങി രണ്ടു ഡസനോളം പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ടത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് , മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം, എം.പിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, എം.എല്‍.എമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, മോന്‍സ് ജോസഫ്, മുന്‍ എം.എല്‍.എമാരായ തമ്പാനൂര്‍ രവി, ബെന്നി െബഹ്‌നാന്‍, എ.പി. അബ്ദുല്ലക്കുട്ടി, പി.സി. വിഷ്ണുനാഥ്, ഡി.ജി.പി എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി കെ. പത്മകുമാര്‍, ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്‍, പൊലിസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത്കുമാര്‍, കെ.പി.സി.സി ജന.സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നിജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി കുരുവിള എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക.

ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി, സരിത എസ്. നായരുടെ കത്തില്‍ പരാമാര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്നു രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചെന്നാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെതിരായ കണ്ടെത്തലെന്ന് പിണറായി പറഞ്ഞു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് എഡിജിപി കെ. പത്മകുമാറിനും ഡിവൈഎസ്പി കെ. ഹരികൃഷ്ണനും എതിരെ കേസെടുക്കും. സരിതാ എസ്. നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് മുന്‍ എംഎല്‍എമാരായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും. ടീം സോളറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രിമാര്‍ക്കെതിരെയും കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.