1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2016

സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് സോളാര്‍ ഇംപള്‍സ്, സൗരോര്‍ജം മാത്രം ഉപയോഗിച്ച് ലോ ലോകം ചുറ്റിയ ആദ്യ വിമാനമെന്ന ബഹുമതി സ്വന്തമാക്കി. അബൂദബി അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലാണ് ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഒരു വര്‍ഷം നീണ്ട ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ഇംപള്‍സ് ഭൂമിയിലിറങ്ങിയത്.

‘ഭാവി പൂര്‍ണമാണ്, നിങ്ങളാണ് ഇനി ഭാവി, ഞങ്ങള്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി, ഇനി ഇത് വ്യാപകമാക്കുക’ പൈലറ്റും സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ചുമതലക്കാരനുമായ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിച്ചു. പൈലറ്റും പദ്ധതിയുടെ മറ്റൊരു ചുമതലക്കാരനുമായ ആന്‍ഡ്രേ ബോര്‍ഷെന്‍ ബെര്‍ഗാണ് ദൗത്യത്തില്‍ ബെര്‍ട്രാന്‍ഡ് പികാര്‍ഡിന്റെ പങ്കാളി.

2015 മാര്‍ച്ചില്‍ അബൂദബിയില്‍ നിന്ന് പുറപ്പെട്ട് ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്‌പെയിന്‍, ഈജിപ്ത് രാജ്യങ്ങളിലൂടെയാണ് സോളാര്‍ ഇംപള്‍സ് 16 പാദങ്ങളായി ലോക സഞ്ചരം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ യു.എ.ഇ സമയം 3.29നാണ് വിമാനം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ നിന്നാണ് അവസാന പാദ യാത്ര ആരംഭിച്ചത്.

40000 കിലോമീറ്ററോളം വരുന്ന ലോക സഞ്ചാരം 500 മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 27000 അടി ഉയര്‍ത്തില്‍ മണിക്കൂറില്‍ 45 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ സാധിക്കുന്ന ഇംപള്‍സിന് 2.3 ടണ്ണാണ് ഭാരം. സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാവും പകലും ഇടതടവില്ലാതെ പറന്ന ലോകത്തിലെ ഏക വിമാനം എന്നതടക്കം 19ലധികം റെക്കോര്‍ഡുകള്‍ തിരുത്തിയായിരുന്നു സോളാര്‍ ഇംപള്‍സിന്റെ ചരിത്ര യാത്ര.

ശാന്ത സമുദ്രത്തിന് മുകളില്‍ രാവും പകലും തുടര്‍ച്ചയായി അഞ്ച് ദിവസങ്ങള്‍ പറന്നതാണ് റെക്കോര്‍ഡുകളില്‍ ഏറ്റവും പ്രധാനം. ജപ്പാനില്‍ നിന്ന് അമേരിക്കയിലെ ഹവായിയിലേക്കായിരുന്നു 8,924 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്ര. 10 കോടിയിലേറെ ഡോളറാണ് സോളാര്‍ ഇംപള്‍സിന്റെ നിര്‍മാണ ചെലവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.