1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2017

സ്വന്തം ലേഖകന്‍: സോളോയുടെ കൈമാക്‌സില്‍ മാറ്റം, എന്റെ സോളോ ഇങ്ങനെയല്ലെന്ന് പ്രതിഷേധവുമായി സംവിധായകന്‍, സോളോയെ കൊല്ലരുതേ എന്ന അപേക്ഷയുമായി നായകന്‍, ദുല്‍ഖറിന്റെ സോളോ വിവാദത്തിലേക്ക്. പ്രേക്ഷകരുടെ തണുപ്പന്‍ പ്രതികരണത്തെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ചിത്രത്തിന്റെ കൈമാക്‌സ് മാറ്റിയതെന്നാണ് സൂചന. നാലു ചിത്രങ്ങള്‍ ഉള്‍പ്പെട്ട സോളോ ആന്തോളജി ചിത്രമായാണ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കിയിരുന്നത്.

വേള്‍ഡ് ഓഫ് രുദ്ര, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതില്‍ രുദ്രയുടെ ക്ലൈമാക്‌സ് ആണ് എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയത്. കഴിഞ്ഞ ദിവസം സോളോയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. തമിഴ് റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

അതിനിടെ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിയതിനെതിരെ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍.  ‘സോളോയുടെ ക്ലൈമാക്‌സ് മാറ്റിയതിനെക്കുറിച്ച് ചോദിക്കുന്നവരോട്, ഇത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. നല്ലതോ ചീത്തതോ ആകട്ടെ പക്ഷേ ഞാന്‍ ഞാനുണ്ടാക്കിയ സിനിമയ്‌ക്കൊപ്പമാണ്,’ എന്ന് ബിജോയ് നമ്പ്യാര്‍ ട്വീറ്റ് ചെയ്തു.

തന്റെ പുതിയ ചിത്രമായ സോളോയെ കൂവിയും മോശം പ്രചരണങ്ങള്‍ നടത്തിയും നശിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. സംവിധായകന്റെ സമ്മതമില്ലാതെ സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയ സാഹചര്യത്തിലാണ് തന്റെ ഹൃദയവേദന പങ്കുവച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പേജിലെ സുദീര്‍ഘമായ കുറിപ്പിലൂടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ദുല്‍ഖര്‍ പങ്കുവച്ചു.

‘പ്രേക്ഷകര്‍ നല്‍കിയ പിന്തുണയായിരുന്നു ഇതുവരെ എന്റെ ഊര്‍ജം. സിനിമയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുകയും തിയേറ്ററില്‍ കൂവുകയും ചെയ്യുമ്പോള്‍ അത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നിങ്ങള്‍ ഇത്രയും കാലം എനിക്ക് നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പവും അദ്ദേഹത്തിന്റെ ആഖ്യാനത്തോടൊപ്പവും മാത്രം നില്‍ക്കുന്നു. സിനിമയുമായി ബന്ധമില്ലാത്തവര്‍ വെട്ടിച്ചുരുക്കുകയോ മാറ്റിമറിയ്ക്കുകയോ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിന് തുല്ല്യമാണ്. ദയവു ചെയ്ത് അത് ചെയ്യരുത്. ഞാന്‍ അപേക്ഷിക്കുകയാണ്,’ കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.