1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2016

സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസ്, പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി, പ്രതി കൊല നടത്തിയെന്ന് തെളിയിക്കാന്‍ വാദിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി. എങ്കിലും ബലാത്സംഗത്തിന് ഹൈക്കോടതിയും വിചാരണ കോടതിയും സ്വീകരിച്ച നിലപാടുകളില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചത്.

ബലാത്സംഗ കുറ്റത്തിനാണ് ഈ ശിക്ഷയെന്നും വിധിയില്‍ കോടതി വ്യക്തമാക്കുന്നു. കൊലപാതക കുറ്റം ചുമത്തുന്ന 302 ആം വകുപ്പ് ഗോവിന്ദച്ചാമിക്ക് എതിരെ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, യു.യു ലളിത് എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

വധശിക്ഷ ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച കോടതി വാദത്തിനൊടുവില്‍ സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ സൗമ്യ സ്വയം ചാടിയതാണോ എന്ന് പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. എന്നാല്‍ ഇതിന് കൃത്യമായി മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ഊഹാപോഹങ്ങളല്ല, കോടതിക്ക് തെളിവാണ് വേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച തൃശൂര്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തലുകള്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ പ്രോസിക്യുഷന്‍ പരാജയപ്പെട്ടു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പൂര്‍ണ്ണമായും ഉന്നയിക്കാനും പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ല.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സൗമ്യ കൊല്ലപ്പെട്ടത്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്ന സൗമ്യയെ ട്രെയിനില്‍ കയറിയ തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ സൗമ്യയെ അതിക്രൂരമായി ബലാത്സാംഗം ചെയ്തുവെന്നാണ് കേസ്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൗമ്യ അഞ്ചു ദിവസത്തിനു ശേഷം മരണമടഞ്ഞു. ഫെബ്രുവരി രണ്ടിന് അറസ്റ്റ് ചെയ്യപ്പെട്ട ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിരുന്നത്. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിണിതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

2011 നവംബര്‍ 11ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമേ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. പ്രതി മുന്‍പും ശിക്ഷിക്കപ്പെട്ടയാളാണെന്നും കോടതി കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു വിചാരണ നടപടികള്‍. എന്നാല്‍ ഈ വാദങ്ങള്‍ ഒന്നുംതന്നെ സുപ്രീം കോടതി മുമ്പാകെ നിരത്തുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.